മാരുതി ഡിസയര്‍ ടൂര്‍ അരങ്ങൊഴിയുന്നു!
automobile
By Web Desk | 10:16 AM January 01, 2017

* ഡിസയർ ടൂർ മോഡലിന്റെ നിർമാണം നിർത്തിവയ്ക്കുന്നു

മാരുതി സുസുക്കി പാസഞ്ചർ വാഹന സെഗ്മെന്റിൽ അവതരിപ്പിച്ച ഡിസയർ ടൂർ മോഡലിന്റെ നിർമാണം നിർത്തിവയ്ക്കുന്നു. ഈ വര്‍ഷം വിപണിയിലെത്തുന്ന പുത്തൻ തലമുറ ഡിസയിറിന് വഴിമാറി കൊടുക്കുന്നതിനാണ് ഡിസയർ ടൂറിന്റെ ഈ പിൻവലിക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാച്ച്ബാക്ക് റിറ്റ്‌സിന്റെ നിര്‍മാണം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ജനപ്രിയ മോഡലായ ഡിസയറും പിന്‍വാങ്ങുന്നത്. അടുത്ത വർഷം മാർച്ചോടു കൂടി ഡിസയറിന്റെ നിർമാണം പൂർണമായും നിര്‍ത്തുമെന്നും മെയ് അവസാനത്തോടെ ന്യൂജെൻ ഡിസയർ പുറത്തിറങ്ങുമെന്നാണ് സൂചന.

2008ലായിരുന്നു  മാരുതി ഡിസയറിനെ അവതരിപ്പിച്ചത്. സ്വിഫ്റ്റിന്റെ രൂപകല്പനയിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാൻ സെഗ്മെന്റിലെ വാഹനമായിരുന്നു ഡിസയർ. തുടക്കത്തില്‍തന്നെ ടാറ്റ ഇന്‍ഡിക്കയെ കടത്തിവെട്ടി മികച്ച രീതിയിൽ മുന്നേറാൻ ഡിസയറിനു സാധിച്ചു.

2012-ല്‍ ടാക്‌സി സെഗ്മെന്റിൽ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാൻ പതിപ്പിലെത്തിയപ്പോഴും മികച്ച പ്രകടനം തന്നെ ഡിസയർ കാഴ്ച വെച്ചു. ഓരോ മാസവും ഡിസയറിന്‍റെ 2500-3000 യൂണിറ്റ് വീതം വിറ്റിരുന്നു.

2017 സ്വിഫ്റ്റ് നിരത്തിലെത്തുന്നതിന് മുമ്പുതന്നെ പുതിയ ഡിസയര്‍ വിപണിയിലെത്താനാണ് സാധ്യത. മാരുതിയുടെ ആദ്യ ക്രോസ് ഓവര്‍ മോഡലായ ഇഗ്നീസ് ജനുവരിയില്‍ പുറത്തിറങ്ങും. വിറ്റാര ബ്രെസ, ബലെനോ തുടങ്ങിയവയ്ക്കൊപ്പം ന്യൂജെൻ വാഹനങ്ങളിൽ മാരുതി കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഡിസയര്‍ പിന്‍വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Show Full Article
RECOMMENDED