അമ്പരപ്പിക്കുന്ന വിലയില്‍ റോയല്‍ എന്‍ഫീല്‍ഡ് റെഡിറ്റ്ച്ച് ബുള്ളറ്റുകള്‍
automobile
By Web Desk | 05:41 PM Tuesday, 10 January 2017

* റോയല്‍ എന്‍ഫീല്‍ഡ് റെഡിറ്റ്ച്ച് ബുള്ളറ്റുകള്‍

ബുള്ളറ്റ് പ്രേമികള്‍ റെഡിറ്റ്ച്ച് ബുള്ളറ്റുകളെപ്പറ്റി കേട്ടിട്ടുണ്ടോ? ലോകത്തെ ഏറ്റവും പഴക്കമുള്ളതും ജനപ്രിയവുമായ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ്, റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജന്മനാടായ ഇംഗ്ലണ്ടിലെ ഒരു ചെറു പട്ടണമാണ് റെഡിറ്റ്ച്ച്.

മോട്ടോര്‍ സൈക്കിള്‍ നിര്‍മാണപാരമ്പര്യമുള്ള വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ നഗരം. ഇവിടെയുള്ള റോയല്‍ എന്‍ഫീല്‍ഡ് പ്ളാന്റില്‍നിന്ന് 1950ല്‍ ആദ്യമായി പുറത്തിറങ്ങിയ മോട്ടോര്‍ സൈക്കിളുകള്‍ ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു.

എന്നാല്‍ രണ്ടാംലോക മഹായുദ്ധാനന്തര കാലത്തെ ഈ ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിളുകളുടെ മാതൃകയില്‍ പുതിയ സൃഷ്ടിക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്.

ഈ ശ്രമങ്ങളുടെ ഫലമായി ജനപ്രിയമോഡലായ ക്ളാസിക് 350ന്റെ മൂന്നു റെഡിറ്റ്ച്ച് സീരീസ് പതിപ്പുകളാണ് കമ്പനി വിപണിയിലും നിരത്തിലുമെത്തിക്കുന്നത്. റെഡിറ്റ്ച്ച് റെഡ്, റെഡിറ്റ്ച്ച് ഗ്രീന്‍, റെഡിറ്റ്ച്ച് ബ്ളൂ എന്നിവയാണ് അവ. റെഡിറ്റ്ച്ചിലെ പ്ലാന്‍റില്‍ നിന്നും ആറരപ്പതിറ്റാണ്ടുകള്‍ക്കപ്പുറം പുറത്തിറങ്ങിയ നിറഭേദങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പുതിയ പതിപ്പുകളുടെ വരവ്.

റോയല്‍ എന്‍ഫീല്‍ഡിന്റെ 346സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജിന്‍ വാഹനത്തിനു കരുത്തുപകരും. 19.8ബിഎച്ച്പിയും 28 എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

ഫ്രണ്ട്, റിയര്‍ മഡ്ഗാര്‍ഡുകള്‍, ഹെഡ്ലൈറ്റ് കേസിങ്, ഫ്യുവല്‍ ടാങ്കും ഓവല്‍ ടൂള്‍ ബോക്സ്, എക്ഹോസ്റ്റ് ഫിന്‍സ്, സ്പീഡോമീറ്റര്‍ ഡയല്‍, സിംഗിള്‍ സീറ്റ് സ്പ്രിങ് സാഡില്‍, ടെയ്ല്‍ ലൈറ്റ് അസംബ്ളി, ഹെഡ്ലാമ്പ് ക്യാപ് എന്നിവയും പുതിയ ബുള്ളറ്റിന്‍റെ സവിശേഷതകളാണ്.

പുതുക്കിയ നിറത്തിനൊപ്പം സ്റ്റിക്കറുകൾ, വെളുത്ത ബോർഡർ നൽകിയിട്ടുള്ള പുത്തൻ സീറ്റ് തുടങ്ങിയവ പുതിയ 350 ക്ലാസികിനെ വേറിട്ടതാക്കുന്നു. 1,46,093 രൂപയാണ് ഡല്‍ഹിയിലെ ഓണ്‍റോഡ് വില.

 

Show Full Article
COMMENTS

Currently displaying comments and replies