കരുത്തനാക്കിയത് ഓസ്ട്രേലിയക്കാരെന്ന് സച്ചിന്‍

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ പ്രകടനങ്ങളാണ് തന്നെ കരുത്തുറ്റ ക്രിക്കറ്ററാക്കിയതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പതിനെട്ടാം വയസില്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ നേടിയ സെഞ്ചുറിയാണ് ലോകത്തിലെ ഏത് ബൗളിംഗ് ആക്രമണത്തെയും നേരിയാനുള്ള ആത്മവിശ്വാസം തന്നില്‍ നിറച്ചെതെന്നും ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ ബഹുമതി സ്വീകരിച്ചുകൊണ്ട് സച്ചിന്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അവര്‍ നമ്മളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടും. 1991-92 കാലഘട്ടത്തിലെ മൂന്നരമാസം നീണ്ട ഓസ്ട്രേലിയന്‍ പര്യടനമാണ് ക്രിക്കറ്റര്‍ എന്ന നിലയില്‍ എന്നെ ഏറെ കരുത്തനാക്കിയത്. ഒരു ക്രിക്കറ്റെറെന്ന നിലയില്‍ എന്ന ഏറെ മാറ്റിമറിച്ച പര്യടനമായിരുന്നു ഓസ്ട്രേലിയയിലേത്-സച്ചിന്‍ പറഞ്ഞു.

1999ല്‍ ഇതിഹാസ താരം സര്‍ ഡോണ്‍ ബ്രാഡ്മാന്‍റെ 90-ാം ജന്‍മദിനത്തില്‍ പങ്കെടുക്കാനായത് ഏറ്റവും വലിയ ഭാഗ്യമാണെന്നും സച്ചിന്‍ പറഞ്ഞു. ബ്രാഡ്മാനെ നേരില്‍ക്കണ്ടപ്പോള്‍ ഒറ്റ ചോദ്യമെ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുണ്ടായിരുന്നുള്ളു. ടെസ്റ്റ് ക്രിക്കറ്റില്‍ 99.94 എന്ന അനുപമമായ ബാറ്റിംഗ് ശരാശരിക്ക് ഉടമയായ താങ്കള്‍ ആധുനിക ക്രിക്കറ്റിലായിരുന്നു കളിക്കുന്നതെങ്കില്‍ എത്രയാവും ബാറ്റിംഗ് ശരാശരിയെന്നായിരുന്നു എന്‍റെ ചോദ്യം. എഴുപതിനോടടുത്ത് എന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ മറുപടി. എന്തുകൊണ്ട് 99.94 ശരാശരി നേടാനാവില്ലെന്ന എന്‍റെ ചോദ്യത്തിന് ഒരു 90 കാരനെ സംബന്ധിച്ചിടത്തോളം 70 അത്ര മോശം ശരാശരിയല്ലെന്നായിരുന്നു ബ്രാഡ്മാന്‍റെ മറുപടി-സച്ചിന്‍ പറഞ്ഞു.

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സോറാബ്‌ജിക്കു ശേഷം ഓര്‍ഡര്‍ ഓഫ്‌ ഓസ്‌ട്രേലിയയില്‍ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണു സച്ചിന്‍. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ മന്ത്രി സൈമണ്‍ ക്രീനാണു സച്ചിന്‌ ഓര്‍ഡര്‍ ഓഫ്‌ ഓസ്‌ട്രേലിയ ബഹുമതി സമ്മനിച്ചത്. ഒക്‌ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ച പ്രധാനമന്ത്രി ജൂലിയ ഗില്ലാഡ്‌സാണു സച്ചിന്‌ ഓര്‍ഡര്‍ ഓഫ്‌ ഓസ്‌ട്രേലിയ നല്‍കുമെന്നു പ്രഖ്യാപിച്ചത്‌. ഓസ്‌ട്രേലിയന്‍ പൗരന്‍മാരല്ലാത്തവര്‍ക്ക്‌ അപൂര്‍വമായാണ്‌ ഓര്‍ഡര്‍ ഓഫ്‌ ഓസ്‌ട്രേലിയ ബഹുമതി നല്‍കുന്നത്‌.

ഗില്ലാഡ്‌സിന്റെ പ്രഖ്യാപനം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മുന്‍ താരങ്ങളായ മാത്യു ഹെയ്‌ഡന്‍ അടക്കമുള്ളവര്‍ ഓര്‍ഡര്‍ ഓഫ്‌ ഓസ്‌ട്രേലിയ നാട്ടുകാരായ താരങ്ങള്‍ക്കു നല്‍കണമെന്ന നിലപാടിലായിരുന്നു. സച്ചിന്‍ ഓസീസുകാരനാണെങ്കില്‍ പ്രധാനമന്ത്രി വരെയാക്കാമെന്നും ഹെയ്‌ഡന്‍ തുറന്നടിച്ചിരുന്നു. 2006 ലാണു സോളി സോറാബ്‌ജിക്ക്‌ ഓര്‍ഡര്‍ ഓഫ്‌ ഓസ്‌ട്രേലിയയില്‍ വിശിഷ്‌ടാംഗത്വം നല്‍കുന്നത്‌. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്താന്‍ നല്‍കിയ സംഭാവനങ്ങള്‍ പരിഗണിച്ചായിരുന്നു ബഹുമതി. മെമ്പര്‍ ഓഫ്‌ ദി ഓര്‍ഡര്‍ ഓഫ്‌ ഓസ്‌ട്രേലിയ (എ.എം.) യാണ്‌ സോളി സോറാബ്‌ജിക്കും സച്ചിനും ലഭിച്ചത്‌. ക്രിക്കറ്റിനു നല്‍കിയ സംഭാവനകളാണു സച്ചിന്‌ അംഗത്വം നല്‍കാന്‍ പ്രേരിപ്പിച്ചത്‌. 2009 ല്‍ വെസ്‌റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ബ്രയാന്‍ ലാറയെയും ഓര്‍ഡര്‍ ഓഫ്‌ ഓസ്‌ട്രേലിയ ബഹുമതി നല്‍കി ആദരിച്ചിരുന്നു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES