സൂപ്പര്‍താരങ്ങള്‍ താരങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സൂപ്പര്‍ ടെക്നോളജി ഉപയോഗിച്ച് സിനിമയുണ്ടാക്കണം എന്ന തന്‍റെ ആഗ്രഹം സഫലമായിരിക്കുകയാണെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. തന്‍റെ പുതിയ ത്രീഡി സിനിമയായ ഡ്രാക്കുള 2012 അടുത്തമാസം എട്ടിന് തീയേറ്ററുകളിലെത്തും. സൂപ്പര്‍ താരങ്ങളില്ലാത്ത ബിഗ്ബജറ്റ് ചിത്രമായ ഡ്രാക്കുള ഒരു മുഴുനീള ഹൊറര്‍ ചിത്രമാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
ആലപ്പുഴയിലും റൊമാനിയയിലെ ഡ്രാക്കുളക്കോട്ടയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാളം ഉള്‍പ്പെടെ മൂന്ന് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും നിര്‍മിച്ച ചിത്രം ഒരേസമയം 400 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും. സിനിമയുടെ ആഗോള റിലീസിന് യൂണിവേഴ്സല്‍ പിക്ചേഴ്സുമായി ധാരണയായതായും വിനയന്‍ അറിയിച്ചു. ഇതാദ്യമായാണ് ഒരു മലയാളചിത്രത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ യൂണിവേഴ്സല്‍ പിക്ചേഴ്സ് വിതരണത്തിനെടുക്കുന്നത്.
ആലപ്പുഴയില്‍ നിന്ന് റൊമാനിയയില്‍ എത്തുന്ന ദമ്പതികളുടെ തിരോധാനത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഡ്രാക്കുളക്കോട്ട കാണാനെത്തുന്ന ഇവരെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുന്നു. കളമെഴുത്തും സര്‍പ്പപ്പാട്ടും ഒക്കെയായി ഭാരതീയ തന്ത്ര-മന്ത്ര വിധികളിലൂടെ ഡ്രാക്കുളയെ കീഴടക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഹൈലൈറ്റെന്ന് സംവിധായകന്‍ അവകാശപ്പെടുന്നു. സീരിയല്‍ താരമായിരുന്ന സുധീര്‍ നായര്‍ ആണ് ഡ്രാക്കുളയുടെ വേഷത്തിലെത്തുക. തിലകന്‍, ഓംപുരി, വിമലാരാമന്‍, മൊണാല്‍, ആര്യന്‍ തുടങ്ങിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിലകന്‍റെ മരണശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്‍റെ ശക്തമായ കഥാപാത്രം കൂടിയാവും ഡ്രാക്കുളയിലേത്.
ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് പന്ത്രണ്ട് കോടി രൂപ മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിച്ചത്. സതീഷ് കാലിയാണ് ഛായാഗ്രഹണം. ഡോണ്‍, രാവണ്‍ എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ച ശ്യാം കൗശിക് ആണ് സംഘട്ടന സംവിധാനം. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരടക്കം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തനിക്കെതിരെ ഇപ്പോഴും അപ്രഖ്യാപിത വിലക്ക് തുടരുന്നതായും വിനയന്‍ ആരോപിച്ചു. സംവിധായകന്‍ പ്രിയദര്‍ശന്‍റെ ചെന്നൈയിലെ സ്റ്റുഡിയോയിലായിരുന്നു ഡ്രാക്കുളയുടെ മിക്സിംഗ് ജോലികള്‍ തുടങ്ങിയത്. ഇത് ഫെഫ്ക ഇടപെട്ട് തടഞ്ഞുവെന്ന് വിനയന്‍ ആരോപിച്ചു. തുടര്‍ന്ന് എ ആര്‍ റഹ്മാന്‍റെ സ്റ്റുഡിയോയിലാണ് സിനിമയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home