സാധാരണയായി അസ്ഥിക്ഷയത്തിനും എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിനുമാണ് ഡോക്ടര്‍മാര്‍ കാല്‍സ്യം ഗുളികകള്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ കാല്‍സ്യം ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കാല്‍സ്യം ഗുളികകള്‍ അധികമായാല്‍ മൂത്രത്തില്‍ കല്ല്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ജര്‍മ്മനിയില്‍ ഇരുപത്തിനാലായിരം സ്ത്രീ-പുരുഷന്മാരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവന്നിരിക്കുന്നത്.
സ്ഥിരമായി കാല്‍സ്യം ഗുളിക കഴിക്കുന്നവരില്‍ 86 ശതമാനവും ഹൃദ്രോഗത്തിനുള്ള സാധ്യത ഉള്ളതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കാല്‍സ്യം ഗുളികകള്‍ കഴിക്കുന്നതിനു പകരം കാല്‍സ്യം അടങ്ങിയിട്ടുള്ള പാല്‍, ഇലക്കറികള്‍, വെണ്ണ എന്നിവയാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. കാല്‍സ്യം ഗുളിക ഉപയോഗിക്കുന്നവര്‍ക്കാണ് അത് ഉപയോഗിക്കാത്തവരെക്കാള്‍ ഹൃദ്രോഗത്തിന് സാധ്യത കൂടുതല്‍. ജര്‍മ്മനിയിലെ കാന്‍സര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഒരുകൂട്ടം ഗവേഷകര്‍ ഒരു ദശകത്തോളം നടത്തിയ പരീക്ഷണങ്ങളിലാണ് ഇക്കാര്യം തെളിഞ്ഞത്.
കാല്‍സ്യം ഗുളിക ഉപയോഗിക്കുമ്പോള്‍ വളരെ മുന്‍കരുതല്‍ വേണമെന്ന് ഗവേഷണം നടത്തിയ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളരെ കൂടിയ അളവില്‍ കാല്‍സ്യം ഗുളികകള്‍ ഉപയോഗിച്ചാല്‍ അത് വയറുവേദനയ്ക്കും അതിസാരത്തിനും കാരണമാകും. കാല്‍സ്യത്തിന്‍റെ കുറവുമൂലം ഉണ്ടാകുന്ന അസ്ഥിക്ഷയം കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. ആഹാരക്രമത്തില്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക എന്നതാണ് ഇതിന് പരിഹാരമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home