തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മുട്ടടയില്‍ ’ഹൈടെക്' സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയ വീട്ടില്‍നിന്ന് ആഡംബരകാര്‍ ഉള്‍പ്പെടെ 30 ലക്ഷം രൂപയുടെ വന്‍ കവര്‍ച്ച നടത്തിയത് രാജ്യാന്തര കുറ്റവാളിയായ ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് ആണെന്ന് പോലീസ്. ഇയാളുടെ പേരില്‍ രാജ്യത്താകെ 500 ലേറെ കേസുകളുണ്ട്. മുമ്പ് പലതവണ അറസ്റ്റിലായിട്ടുണ്ടെങ്കിലും പോലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടു.
ഇയാള്‍ കേരളം വിട്ടെന്നും തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് പറഞ്ഞു. കാര്‍ തിരുനല്‍വേലി കടന്നെന്നും ജി.പിഎസ് സംവിധാനം പിന്തുടരാനായില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മുമ്പ് സ്വകാര്യ ഡിറ്റക്ടീവായിരുന്നു ഇയാളെന്നും അടുത്തിടെയാണ് ഇയാള്‍ ദക്ഷിണേന്ത്യയിലേക്ക് താവളം മാറ്റിയതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിനും ലഭ്യമല്ല. ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ എത്തി മോഷണം നടത്തിപോവുകയാണ് ഇയാളുടെ ശൈലി. ആഡംബര കാറുകളും ഉപകരണങ്ങളുമാണ് ഇയാള്‍ പ്രധാനമായും മോഷ്ടിക്കാറുള്ളത്. സ്വകാര്യ ചാനല്‍ നടത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്.
എന്തു മോഷ്ടിക്കുന്നുവെന്നല്ല എങ്ങനെ മോഷ്ടിക്കുന്നുവെന്നാണ് ബണ്ടിയെ കുപ്രസിദ്ധനാക്കിയത്. വന്‍സുരക്ഷാ സജ്ജീകരണങ്ങളുള്ള സ്ഥലങ്ങളില്‍ കയറി അതിവിദഗ്ധമായി മോഷണം നടത്തുക എന്നാണ് ബണ്ടിയുടെ രീതി. തന്റെ മോഷണത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്നും ഇഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടാല്‍ മോഷ്ടിക്കുക എന്നതാണ് തന്റെ രീതിയെന്നും ബണ്ടി ഒരിക്കല്‍ പറഞ്ഞിരുന്നു.
ഇന്നലെ രാത്രി തിരുവനന്തപുരം നഗരത്തില്‍ മുട്ടടയില്‍ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, നിരീക്ഷണ ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെ വന്‍ സുരക്ഷാ കവചം തീര്‍ത്തിരുന്ന വീട്ടില്‍ നിന്നാണ് ബണ്ടി ഹൈടെക് രീതിയില്‍ വന്‍ കവര്‍ച്ച നടത്തിയത്. വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ മരപ്പാലം-മുട്ടട റോഡിലെ വിഷ്ണു ഭവനില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് 28 ലക്ഷം രൂപയുടെ ആഡംബര കാര്‍ അടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നത്.
വീടിന്റെ മുന്‍വശത്തെ ചുവരില്‍ സ്ഥാപിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗാസ് ഇളക്കി മാറ്റി അകത്തു കടന്ന ബണ്ടി താക്കോല്‍ സംഘടിപ്പിച്ചു റിമോട്ട് സംവിധാനമുള്ള ഗേറ്റ് തുറക്കുകയായിരുന്നു. നന്തന്‍കോട്ടെ വീട്ടില്‍ കര്‍ണാടക റജിസ്ട്രേഷനുള്ള മോഷ്ടിച്ച കാറിലെത്തിയ ഇയാള്‍ ഇത് ഇവിടെ ഉപേക്ഷിച്ചാണ് ആഡംബര കാറില്‍ കടന്നത്. മോഷ്ടാവിന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എല്ലാ സുരക്ഷാ സംവിധാനത്തോടും പണി കഴിപ്പിച്ച വീട്ടില്‍ ഇത്തരത്തില്‍ വന്‍ കവര്‍ച്ച നടന്നതു പൊലീസിനെയും ഞെട്ടിച്ചിരുന്നു.
കെഎല്‍ 01 ബിജി 29 എന്ന റജിസ്ട്രേഷന്‍ നമ്പറുള്ള കാറിനു പുറമെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ് ടോപ്പ്, അരലക്ഷത്തിലേറെ വിലവരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍, മകളുടെ സര്‍ട്ടിഫിക്കറ്റുകളും സ്വര്‍ണ മോതിരവും അടങ്ങിയ ബാഗ്, രണ്ടു കാറുകളുടെയും, വീട്ടിലെ സകല മുറികളുടെയും ഗേറ്റിന്റെയും താക്കോലുകള്‍, 2000 രൂപ എന്നിവയാണു മോഷ്ടിച്ചത്. വേണുഗോപാലന്‍ നായരും ഭാര്യയും മകളും സഹോദരന്റെ മകളും വീട്ടിലുണ്ടായിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മകള്‍ പുലര്‍ച്ചെ ഒന്നു വരെ ലാപ്ടോപ്പ് ഉപയോഗിച്ചിരുന്നു. അതിനാല്‍ അതിനു ശേഷമാണു കവര്‍ച്ച നടന്നതെന്നു വ്യക്തമായി. വീടിന്റെ മുന്‍വശത്തെ ചുവരിലെ ബുള്ളറ്റ് പ്രൂഫ് ഗാസ് ഇളക്കി മാറ്റിയിരുന്നു. മറ്റു ചുവരുകളില്‍ ഘടിപ്പിച്ചിരുന്ന ഇതേ ഗാസുകള്‍ മൂന്നു സ്ഥലത്ത് ഇളിക്കിമാറ്റാന്‍ ശ്രമിച്ചിരുന്നു. വാതില്‍ തുറന്നാല്‍ അലാം കേള്‍ക്കുന്ന സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ഗാസുകള്‍ വെറും തടി റീപ്പറുകളില്‍ പിടിപ്പിച്ചിരുന്നതിനാല്‍ ഇത് ഇളക്കിമാറ്റാന്‍ എളുപ്പമായി.
ജനാലയ്ക്ക് ഇരുമ്പു ഗ്രില്ലും ഇല്ലായിരുന്നു. മോഷണം പോയ ആഡംബര കാര്‍ ഓടിക്കാന്‍ പ്രത്യേക വൈദഗ്ധ്യം വേണമെന്നും കമ്പനി ജീവനക്കാര്‍ അതു തനിക്കും മകനും ഡ്രൈവര്‍ക്കും മാത്രമാണു പഠിപ്പിച്ചിട്ടുള്ളതെന്നും വേണുഗോപാലന്‍ നായര്‍ പറഞ്ഞു. ഇതില്‍ ജിപിആര്‍എസ് സംവിധാനം ഉള്ളതിനാല്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണു പൊലീസ് കരുതുന്നത്. വീടിനു ചുറ്റുമായി സ്ഥാപിച്ചിരുന്ന ആറു നിരീക്ഷണ ക്യാമറകളില്‍ രണ്ടെണ്ണം തകര്‍ത്തിരുന്നു.
മറ്റുള്ളവയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. കവര്‍ച്ച നടത്തിയത് ഒന്നിലധികം പേര്‍ ചേര്‍ന്നാണെന്നു സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പേരൂര്‍ക്കട സിഐ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


Home
Add comment