തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ തമിഴ്നാട്ടിലെത്തിയതായി കേരള പൊലീസിന് വിവരം ലഭിച്ചു. ബണ്ടിചോര്‍ ഹോട്ടലില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പര്‍ വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്.
മോഷ്ടിച്ച മിസ്തുബിഷി ഔട്ട്ലാന്റില് ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനവും പൊലീസിനു തുണയായില്ല. ജിപിഎസ് സംവിധാനത്തോടൊപ്പം ഘടിപ്പിച്ചിരുന്ന മൊബൈല്‍ഫോണ്‍ വാഹനത്തിനുള്ളിലായിരുന്നു വച്ചിരുന്നത്. മോഷ്ടാവ് മൊബൈല്‍ ബന്ധവും വിച്ഛേദിച്ചതാകാം വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമെന്നാണ് സൂചന.
തിരുനല്‍വേലിയിലെ നാങ്കനല്ലി ടോള്‍ ബൂത്ത് കടന്ന് വാഹനം പോയതായി പൊലീസിന് വിവരം ലഭിച്ചു. തലസ്ഥാന നഗരത്തില്‍ നിന്നും മുമ്പ് മോഷ്ടിച്ച എസ്റീം കാറുമായി കന്യാകുമാരിയിലേക്കും ബണ്ടി യാത്രചെയ്തിട്ടുണ്ട്. ഇവിടെയും പൊലീസ് പരിശോധന നടത്തി.
ബണ്ടി താമസിച്ച ഹോട്ടലില്‍ നല്കിയ മൊബൈല്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിനായി അന്യസംസ്ഥാന പൊലീസിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തലസ്ഥാനത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരെ പൊലീസ് നിരീക്ഷിക്കാറുണ്ട്. പ്രത്യേകിച്ചും വിദേശികളുടെയും അന്യസംസ്ഥാനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കും. എന്നാല്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ രണ്ടു ദിവസം തങ്ങിയിട്ടും ബണ്ടിയെ തിരിച്ചറിയാന്‍ സാധിച്ചില്ല.
തിരിച്ചറിയല്‍ കാര്‍ഡ് നല്കിയ ബണ്ടി ദേവീന്ദ്രസിംഗെന്ന സ്വന്തം പേരിലാണ് മുറി വാടക്കെടുത്തത്. ചെറിയൊരു മോഷണത്തിനുവേണ്ടി മാത്രമാണോ കുപ്രസിദ്ധമോഷ്ടാവ് തലസ്ഥാനത്ത് എത്തിയതെന്ന സംശയമാണ് ബാക്കിയാകുന്നത്. ഒറ്റക്കു മോഷണം ആസൂത്രണം ചെയ്യുന്ന ബണ്ടിക്ക് പ്രദേശികമായ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home