ബംഗലുരു: കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദ്ര സിംഗ് കര്‍ണാടക പൊലീസിന്‍റെ പിടിയിലായി. ബംഗലുരുവില്‍ വെച്ചാണ് ബണ്ടി ചോര്‍ പിടിയിലായത്. ബണ്ടി ചോറിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പൊലീസുകാര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ബണ്ടി ചോറിനെ പിടികൂടിയ വിവരം കര്‍ണാടക പൊലീസ് കേരള പൊലീസിനെ അറിയിച്ചു. ഇതനുസരിച്ച് ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പി കെ ഇ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ബംഗലുരുവിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്തുനിന്നും ബണ്ടിചോര്‍ മോഷ്ടിച്ച കാര്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കു സമീപം കേളമംഗലത്തുനിന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച മിസ്തുബിഷി ഔട്ട്ലാന്‍റര്‍ കാറുമായി സേലത്തുനിന്നും കൃഷ്ണഗിരിയിലേക്കു ബണ്ടിചോര്‍ പോകുന്നതായി നാലുമണിയോടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ കൃഷ്ണഗിരി എസ്പി അശോക് കുമാറിന് കേരള പൊലീസ് വിവരം കൈമാറി. വൈകാതെ പൊള്ളാച്ചയിലുണ്ടായിരുന്ന കേരള പൊലീസ് സംഘവും കൃഷ്ണഗിരിയിലെത്തി. വ്യാജനന്പറിലാണ് വാഹനം ഓടിച്ചിരുന്നത്. പൊലീസ് പിന്‍തുടരുന്നത് മനസിലാക്കിയ ബണ്ടി ഹൈവേയില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് വണ്ടിയോടിച്ചു രക്ഷപ്പെട്ടു. കേളമംഗലമെന്ന സ്ഥലത്ത് ഉപേക്ഷക്കപ്പെട്ട നിലയില്‍ കാര്‍ പിന്നീട് പൊലീസ് കണ്ടെത്തി.
അതിനിടെ ഒരു ടാറ്റാസുമോ കാറില്‍ ബണ്ടി ബംഗലുരുവിലേക്ക് പോകുന്ന കാര്യം പൊലീസ് അറിഞ്ഞു. രണ്ട് ഡ്രൈവര്‍മാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറുടെ നന്പര്‍ കണ്ടെത്തി പൊലീസ് വിളിച്ചു. സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കി. ബംഗലുരു ക്രൈം ജോയിന്‍റ് കമ്മീഷണര്‍ ദയാനന്ദന്‍റെ നേതൃത്വത്തില്‍ ബണ്ടിയെ പിടികൂടാന്‍ ശ്രമം നടത്തി. പക്ഷെ അപകടം മണത്ത ബണ്ടി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനുശേഷമാണ് ബണ്ടി കര്‍ണാടക പൊലീസിന്‍റെ പിടിയിലാകുന്നത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home