പത്മരാജന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 22 വയസ്

സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയ്ക്ക് വസന്തമൊരുക്കിയ പി പത്മരാജന്‍ ഓര്‍മ്മയായിട്ട് ഇരുപത്തിരണ്ട് വര്‍ഷം തികഞ്ഞിരിക്കുന്നു.  പി പത്മരാജനെ ഓര്‍ക്കുകയെന്നാല്‍ മലയാള സിനിമയുടെ വസന്തകാലത്തേക്കുള്ള തിരിഞ്ഞുനോട്ടം എന്നാണ് അര്‍ത്ഥം. ഇരുപതിലേറെ സിനിമകളും അതിലേറെ തിരക്കഥകളും കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ പത്മരാജനോട് സാഹിത്യലോകവും കടപ്പെട്ടിരിക്കുന്നു. 1945 മെയ് 23ന് ഹരിപ്പാട്ട് ജനിച്ച പത്മരാജന്‍റെ പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍ത്തന്നെയായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കഥകള്‍ എഴുതിത്തുടങ്ങി. രസതന്ത്രത്തില്‍ ബിരുദം നേടിയശേഷം ആകാശവാണി തൃശൂര്‍ നിലയത്തില്‍ പ്രോഗ്രാം അസിസ്റ്റന്‍റായി ജോലിയില്‍ പ്രവേശിച്ചു. കഥാരചനയില്‍ സജീവമായതോടെ ജോലി ഉപേക്ഷിച്ചു.

സംവിധായകന്‍ ഭരതനുമായുള്ള അടുപ്പമാണ് പത്മരാജനെ സിനിമാലോകത്ത് എത്തിച്ചത്. 1975ല്‍ ഭരതന്‍റെ പ്രയാണം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. അത് മലയാള സിനിമയുടെ സുവര്‍ണകാലഘട്ടത്തിന്‍റെ തുടക്കവുമായി. പിന്നീട് നിരവധി സംവിധായകര്‍ക്കുവേണ്ടി തിരക്കഥകള്‍ ഒരുക്കി. രതിനിര്‍വ്വേദം, തകര, ശാലിനി എന്‍റെ കൂട്ടുകാരി, ലോറി തുടങ്ങി പത്മരാജന്‍റെ തിരക്കഥകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു.

പെരുവഴിയമ്പലം എന്ന സ്വന്തം നോവലിന്‍റെ ദൃശ്യാവിഷ്ക്കാരവുമായി 1979ല്‍ പത്മരാജന്‍ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിഞ്ഞു. മലയാള സിനിമയുടെ പരമ്പരാഗത രീതികളെ അദ്ദേഹം പൊളിച്ചെഴുതി. കഥയില്‍ എന്നപോലെ കഥപറച്ചിലിലും മാറ്റം കൊണ്ടുവന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് നവ്യാനുഭവമായി. ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. കള്ളന്‍ പവിത്രന്‍, കൂടെവിടെ, മൂന്നാംപക്കം, കാണാമറയത്ത്, ഇന്നലെ, ഞാന്‍ ഗന്ധര്‍വ്വന്‍, തൂവാനത്തുമ്പികള്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

പത്മരാജന്‍റെ സിനിമകളിലെല്ലാം ഹൃദയബന്ധങ്ങളുടെ വൈകാരികതയായിരുന്നു നിറഞ്ഞുനിന്നത്. 1991 ജനുവരി 24ന് നാല്‍പ്പത്തിയാറാം വയസില്‍ വിടവാങ്ങിയെങ്കിലും പത്മരാജനെ മലയാളികള്‍ ഇന്നും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES