Asianet News Exclusive- ബണ്ടി ചോറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് പബ്ളിസിറ്റിക്ക് വേണ്ടിയല്ലെന്ന് അഭിഭാഷകന്‍ ബി എം ആളൂര്‍ പറഞ്ഞു. എഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ആളൂര്‍ ഇക്കാര്യം പറഞ്ഞത്. പൂനെയില്‍ പിടിയിലായ കുപ്രസിദ്ധ ഹൈ-ടെക് മോഷ്ടാവ് ബണ്ടി ചോറിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് പ്രഖ്യാപിച്ച് അഡ്വ, ബി എം ആളൂര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് അഡ്വ. ബി എം ആളൂര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബി എം ആളൂരുമായി വിനു വി ജോണ്‍ നടത്തിയ സംഭാഷണത്തിലേക്ക്...
ഗോവിന്ദച്ചാമിയുടെ കേസില്‍ നിങ്ങള്‍ അഭിഭാഷകനായി എത്തി. ഇപ്പോള്‍ ബണ്ടി ചോര്‍ പിടിയിലായ ഉടനെ, അയാളുടെ അഭിഭാഷകനായും എത്തിയിരിക്കുന്നു. ആരാണ് നിങ്ങളെ നിയോഗിച്ചിരിക്കുന്നത്?
വിശ്വസിക്കാവുന്ന സ്രോതസില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബണ്ടിക്ക് വേണ്ടി ഹാജരാകുന്നത്.
ആരാണ് താങ്കളെ ചുമതലപ്പെടുത്തിയത്? ആരാണ് താങ്കള്‍ക്ക് ഈ കേസ് നല്‍കിയത്?
ഞാന്‍ പറഞ്ഞല്ലോ, വിശ്വസിക്കാവുന്ന സ്രോതസില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കേസില്‍ ഹാജരാകുന്നത്. പ്രൊഫഷന്‍റെ എത്തിക്സ് കാരണം അത് വെളിപ്പെടുത്താനാകില്ല. കേസ് ഏല്‍പ്പിക്കുന്ന ആളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് സെക്ഷന്‍ 128ന്‍റെ ലംഘനമാകും.
ബണ്ടി ചോറിനെക്കുറിച്ച് താങ്കള്‍ക്ക് അറിയാവുന്ന വിവരം വെച്ച്, അയാള്‍ കേരളത്തില്‍ മോഷണം നടത്തിയിട്ടുണ്ടോ?
ഇത് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ പറയേണ്ട കാര്യമാണ്. തെളിവുകള്‍ ശേഖരിച്ചശേഷം പ്രോസിക്യൂഷന്‍ കൊണ്ടുവരുന്ന വാദത്തിനനുസരിച്ചാകും പ്രതിഭാഗത്ത് നില്‍ക്കുന്ന എനിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകുക. പ്രോസിക്യൂഷന്‍ നിരത്തുന്ന തെളിവുകള്‍, സാക്ഷികള്‍ വീഡിയോ ഫൂട്ടേജ് എന്നിവ പരിശോധിച്ചശേഷമേ ബണ്ടിയാണോ അതോ ബണ്ടിയെന്ന് അവകാശപ്പെടുന്ന ആരെങ്കിലുമാണോ ഈ കുറ്റം ചെയ്തതെന്ന് എനിക്ക് പറയാന്‍ സാധിക്കുക.
ബണ്ടി ചോറിനെ താങ്കള്‍ക്ക് അറിയാമോ?
ഞാന്‍ ബണ്ടി ചോറിനെ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. പൊലീസ് പുറത്തുവിട്ട ചിത്രങ്ങള്‍ കണ്ടാണ് ബണ്ടി ചോറിനെ അറിയുന്നതും, അയാള്‍ ഒരു കള്ളനാണെന്നും ഹരിയാനക്കാരനാണെന്നും ദില്ലിക്കാരനാണെന്നുമൊക്കെ അറിയുന്നത്. അതല്ലാതെ അയാളെ മുന്‍പരിചയമില്ല. ഞങ്ങള്‍ മുന്‍പരിയമുള്ളവരായിരുന്നെങ്കില്‍ ഈ കേസില്‍ പിടിക്കുന്നതിന് മുമ്പ് അയാള്‍ എന്നെ സമീപിക്കുമായിരുന്നു.
പക്ഷെ ബണ്ടിയുടെ കൂട്ടുകാരെയും അയാളെ സംരക്ഷിക്കാന്‍ നില്‍ക്കുന്നവരെയും അറിയാം?
തീര്‍ച്ചയായും.
അതുകൊണ്ട് ബണ്ടിയുടെ ബന്ധങ്ങള്‍ ആളൂരിന് നന്നായി അറിയാം.
ബണ്ടിയെ അറിയേണ്ട ആവശ്യം എനിക്കില്ല. കാരണം എന്നെ ആരാണോ കേസ് എല്‍പ്പിക്കുന്നത്, എന്തിനാണ് കേസ് എല്‍പ്പിക്കുന്നത്? അതിനുശേഷം ബണ്ടിയുമായി സംസാരിച്ച് കേസിന്‍റെ പുരോഗതി വിലയിരുത്തി ബണ്ടി കുറ്റം ചെയ്തിട്ടുണ്ടോയെന്ന കാര്യങ്ങളൊക്കെ ബണ്ടിയുമായി നേരിട്ട് സംസാരിക്കും.
ബണ്ടി കുറ്റം ചെയ്ത കാര്യവും എന്തിനാണ് അത് ചെയ്തതെന്നും പൊലീസ് തടയാന്‍ ശ്രമിച്ചിട്ടും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു?
അതൊക്കെ പൊലീസ് പറഞ്ഞതാണ്. അതുപോലെ ബണ്ടി കുറ്റം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്ത പ്രതിയുമായി മാധ്യമപ്രവര്‍ത്തകര്‍ സംസാരിക്കാന്‍ പാടില്ല. മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച കാര്യത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. ബണ്ടിയുമായി സംസാരിച്ചശേഷമെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാനാകു. അത്തരത്തില്‍ ബണ്ടി കുറ്റം സമ്മതിക്കുന്നുണ്ടെങ്കില്‍ ഏതെങ്കിലുമൊരു മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കുകയും മൊഴി രേഖപ്പെടുത്തേണ്ടതുമാണ്. ഈ നടപടിക്രമങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമെ ഒരു കുറ്റം സമ്മതിച്ചതായി കോടതി അംഗീകരിക്കുകയുള്ളു.
ഇത്തരം കേസുകളില്‍ നിങ്ങള്‍ സ്വയം ഹാജരാകുകയാണോ? അതോ ആരെങ്കിലും സമീപിച്ചിട്ടാണോ? ഇത്തരം കേസുകളില്‍ അഭിഭാഷകരായി ഹാജരാകുമ്പോള്‍ നല്ല പബ്ളിസിറ്റി കിട്ടും. അതാണോ ലക്ഷ്യം?
അത്തരം വാദം അസംബന്ധമാണ്. അങ്ങനെയെങ്കില്‍ രാജ്യത്ത് ഇത്തരം കേസുകളില്‍ എല്ലാവരും അങ്ങനെ ഹാജരാകണമെല്ലോ? ദില്ലി കൂട്ടബലാല്‍സംഗ കേസില്‍ ഹാജരായ അഭിഭാഷകര്‍ കേസ് ദില്ലിക്ക് പുറത്തേക്ക് മാറ്റണമെന്ന് അപേക്ഷ നല്‍കി. പബ്ളിസിറ്റിക്ക് വേണ്ടിയായിരുന്നെങ്കില്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലല്ലോ? അഭിഭാഷകര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടെന്ന് മാത്രം. അത് മാധ്യമങ്ങള്‍ പറയുന്നതുപോലെ പേര് കിട്ടാനല്ല.
ഇത്തരം കേസുകളില്‍ ഹാജരാകുന്നതിന് കൃത്യമായ ഫീസ് കിട്ടുന്നുണ്ടോ? ആരാണ് ഫീസ് നല്‍കുന്നത്?
ഫീസ് കൃത്യമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം കേസുകളില്‍ ഹാജരാകുന്നത്. പോള്‍വധക്കേസില്‍ കാരി സതീഷ് എന്നയാള്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ പറഞ്ഞ ഫീസ് നല്‍കാത്തതിനാല്‍ ഞാന്‍ അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഫീസ് വാങ്ങിക്കൊണ്ടാണ് അഭിഭാഷകര്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്നത്. അല്ലാതെ ആരും കേസ് വാദിക്കാന്‍ തയ്യാറാകില്ല.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home