ആകാശമിഠായി പറഞ്ഞതിന്റെ ബാക്കി

കോളേജ് മാഗസിന്‍ താളുകള്‍ പറയാത്ത കഥകള്‍.
പയ്യന്നൂര്‍ കോളേജ് മാഗസിന്‍ എഡിറ്റര്‍ മൃദുല ഭവാനി എഴുതുന്നു.


കലാലയ സര്‍ഗ്ഗാത്മക ജീവിതത്തിന്‍റെ ഏറ്റവും വലിയ അടയാളപ്പെടുത്തലാണ് കോളേജ് മാഗസിനുകള്‍. ജാഗരൂകരായ മാധ്യമപ്രവര്‍ത്തകരുടെ ഉള്‍ക്കാഴ്ചയോടെ തന്നെയാണ് വിദ്യാര്‍ഥികള്‍ കോളേജ് മാഗസിനുകള്‍ അവതരിപ്പിക്കുന്നത്. ഒരോ വര്‍ഷവും നടത്തേണ്ട വഴിപാടല്ല വിദ്യാര്‍ഥികള്‍ക്ക് ഈ മാഗസിനുകള്‍. നടപ്പുജീവിതത്തിന്‍റെ വൈരുദ്ധ്യങ്ങളോട് പ്രതികരിച്ചും കലഹിച്ചും സ്വന്തം നാടിനെ അടയാളപ്പെടുത്തിയും കാലത്തെ കൊത്തിവയ്ക്കുകയാണ് ഓരോ കോളേജ് മാഗസിനുകളും. പരിമിതങ്ങളായ പശ്ചാത്തലസാഹചര്യങ്ങളെ അതിജീവിച്ചാണ് ഓരോ കലാലയവും അഗ്നിയേക്കാള്‍ ചൂടും ചൂരുമുള്ള അക്ഷരലോകം തീര്‍ക്കുന്നത്. കൂട്ടായ്മയുടെ കരുത്തില്‍, സൗഹൃദങ്ങളുടെ വസന്തം വിരിയിച്ച് പുറത്തിറങ്ങുന്ന കോളേജ് മാഗസിനുകള്‍ ഉള്‍ത്താളുകളില്‍ പറയാത്ത കഥകള്‍ പലതുണ്ടാകും; അവയുടെ അണിയറയില്‍. കേരളത്തിലെ പ്രമുഖമായ കലാലയങ്ങളുടെ സ്റ്റുഡന്‍റ് എഡിറ്റര്‍മാര്‍ ആ കഥകള്‍ ഏഷ്യാനെറ്റ് ന്യൂസ് വെബിന്‍റെ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

പയ്യന്നൂര്‍ കോളേജിന്‍റെ 'ഇനി ആകാശമിഠായി പറയട്ടെ' എന്ന മാഗസിന്‍റെ സ്റ്റുഡന്‍റ് എ‍ഡിറ്റര്‍ മൃദുല ഭവാനിയാണ് ഇത്തവണ ഈ പംക്തിയില്‍ എഴുതുന്നത്.  സ്റ്റുഡന്‍റ് മാസിക മികച്ച കോളേജ് മാഗസിനുകള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം, പുത്തകം ഡോട്ട് കോമിന്‍റെ പുരസ്കാരം എന്നിവ 'ഇനി ആകാശമിഠായി പറയട്ടെ' നേടിയിട്ടുണ്ട്.

 

 


മുട്ടിറങ്ങിയ കുപ്പായക്കൈ ആണുങ്ങളെപ്പോലെ മേലേക്കു തെറുത്തുകയറ്റിയാണ് അവളുടെ നടപ്പ്. അവളെ എല്ലാവരും ഫെമിനിസ്റ്റ് എന്നു വിളിച്ചു. മനസ്സില്‍ അവരോടെല്ലാം മറുപടി പറഞ്ഞു; "അല്ല. ഹ്യുമനിസ്റ്റ്. ഒരു ഹ്യുമനിസ്റ്റിനേ ഫെമിനിസ്റ്റാവാന്‍ കഴിയൂ.''

എല്ലായിടത്തും അവള്‍ ഊഴം കാത്തുനിന്നു. അവളൊന്നും ചോദിച്ചുവാങ്ങിയില്ല. ഹൈസ്കൂള്‍ ക്ളാസില്‍ 'വലിയ' കവികള്‍ക്കുശേഷം പോലും അവള്‍ക്കിടം കിട്ടിയില്ല. അവളുടെ കൂടി വെയിലുകുടിച്ച ആ മരങ്ങള്‍ ഇടയ്ക്കെവിടെയോ വച്ച് വിളറിപ്പോയി. ഇലകളില്‍ പച്ചച്ചായം തേച്ച് ഇടയ്ക്കിടെ വഴിയരികില്‍ വന്നുനിന്നു. അവള്‍ വലുതായത് അവരില്‍ നിന്നാണ്. വലുതായപ്പോള്‍ അവള്‍ക്കൊരു മൂന്നാം കണ്ണുണ്ടായി. അതിലൂടെ ആദ്യം കണ്ടത് പെണ്മയായിരുന്നു. സ്നേഹം മാഞ്ഞുതുടങ്ങിയലോകത്തോട് വെറുപ്പുതോന്നി, പുച്ഛവും. മനുഷ്യനുമപ്പുറത്തേക്ക് ലോകമെന്നവാക്കിന് അര്‍ത്ഥമില്ലെന്നു കരുതിയവരെ തിരുത്താന്‍നോക്കി. ഒറ്റയ്ക്കതിനാവില്ലെന്നു തിരിച്ചറിഞ്ഞു. വേദനയുടെ കുഴികള്‍ അതില്ലാത്തവര്‍ വെട്ടിമൂടി, അതിനുമേല്‍ വീടുവെക്കുന്നതുകണ്ട് ഞെട്ടിനിന്നു. നിലവിളികളെ വെട്ടിക്കൊന്ന് രാവിലെകളില്‍ അവര്‍ പൊട്ടിച്ചിരിച്ചു.

നിരാശബാധിച്ച യൌവ്വനങ്ങള്‍ക്ക് ചില്ലപടര്‍ത്താന്‍ തെളിഞ്ഞ ആകാശവും വേരൊഴുക്കാന്‍ കറുത്ത മണ്ണും നഷ്ടപ്പെട്ടു. പക്ഷേ നിരാശയില്‍നിന്ന് നിരാശയിലേക്കുള്ള പാലങ്ങള്‍ ദൃഢമായിരുന്നു: ഏതു കനത്ത സങ്കടത്തിനും കാലിടറാതെ പോകാന്‍ മാത്രം. അത്തരമൊരു തൂക്കുപാലത്തില്‍വെച്ച്, സങ്കടംകൊണ്ട് പറക്കാനാവാതായിപ്പോയൊരു അപ്പൂപ്പന്‍ താടിയെക്കിട്ടി. ഉള്ളംകയ്യിലെ ഇളംചൂടില്‍, ചവിട്ടേറ്റു ചുളുങ്ങിപ്പോയ മഞ്ചാടിക്കുരുവിനൊപ്പം സൂക്ഷിച്ചു. ഇടതുകയ്യില്‍ നിന്ന് അടര്‍ന്നുപോവാന്‍ മടിച്ചു. സ്വപ്നങ്ങള്‍ക്കുവേണ്ടി പുഴയരികില്‍ ഒരു വീടുകെട്ടണമെന്ന് കൂടെക്കൂടെപ്പറഞ്ഞു. നിരാശനിന്നെതകര്‍ക്കുമെന്ന്, കൊന്ന് പുറമ്പോക്കിലെറിയുമെന്ന് ഓര്‍മ്മിപ്പിച്ചു. സ്നേഹത്തിന്റെ ബൂമറാങ്ങ് നയവും പ്രണയത്തിന്റെ അനിശ്ചിതത്വങ്ങളും അന്യതാബോധവും.. അവന്റെ സങ്കടങ്ങള്‍ക്കൂടി ഉള്‍ച്ചേര്‍ത്തപ്പോള്‍ വല്ലാത്ത ഊര്‍ജ്ജംകിട്ടി. ഇടറാതെ നടക്കാമെന്നായി. ലോകമതിന്റെ പാട്ടിനു പോകട്ടെയെന്ന് ധൈര്യപ്പെട്ടു. നിരാശയില്‍നിന്നുയിര്‍ക്കൊണ്ട് പുതിയ ചിറകുകള്‍ തുന്നിവെച്ച് ആ അപ്പൂപ്പന്‍താടിക്കൊപ്പം ഞാനും പറക്കാന്‍ തുടങ്ങി. അവനെനിക്ക് പുതിയ ആകാശമേഖലകള്‍ കാട്ടിത്തന്നു. കാര്‍മേഘങ്ങള്‍ കുത്തിപ്പൊട്ടിച്ച് മഴകുടിച്ചു. കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായ അത്ഭുതങ്ങളിലേക്കുള്ള വഴി കാട്ടിയായി. കൂടെപ്പറക്കാന്‍ ഒരപ്പൂപ്പന്‍താടി ആ പറക്കലുകളില്‍ ഞാനെന്നെ വീണ്ടെടുത്തു.



 

പ്രണയത്തിന്റെയും ജീവിതാസക്തിയുടെയും പ്രതീക്ഷകളുടെയും സ്വപ്നഭംഗങ്ങളുടെയും ഉള്ളുരുക്കങ്ങളില്‍ നിന്ന് വേറൊരു പെണ്‍കുട്ടിയുണ്ടായി. മനുഷ്യരുണ്ടാക്കിയ അതിരുകളില്‍ വിശ്വസിക്കാത്തവള്‍. അവള്‍ക്ക് മതം സ്നേഹമാണ്. ദൈവം അവള്‍ തന്നെയാണ്. അപകടകരമായ ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടാന്‍ പഠിക്കുവാന്‍ വഴുതിവീണേക്കാവുന്ന വലിയ കല്ലുപണകള്‍ക്കരികിലൂടെ അവള്‍ക്ക് നടക്കേണ്ടിവന്നു. കുടയുണ്ടായിരുന്നിട്ടും മഴ നനയേണ്ടിവന്നു... വേദനിച്ചു. ജീവിച്ച കാലമത്രയും വേദനിച്ചു. അവള്‍ അകത്തെവിടെയോ ഇരുന്നു കരഞ്ഞു. കവര്‍സ്റോറി തേടിയുള്ള മാനസികയാത്രകളില്‍ പലപ്പോഴും അവള്‍ മുന്നില്‍ വന്നുനിന്നു. കണ്ണീരുപുരണ്ട മുഖവും വിറയ്ക്കുന്ന ഒച്ചയും. അവളെ അപ്പോഴെല്ലാം മാറ്റിനിര്‍ത്തി. കാരണം, അവളിലെവിടെയൊക്കെയോ ഞാനുണ്ട്. ആത്മാംശം കയറിവന്ന് വൃത്തികേടാകുമെന്നു തോന്നി. പിന്നീടൊരിക്കല്‍ ഒരു മെയ്മാസത്തിലാണ് കോഴിക്കോട്ട് വെച്ചു നടന്ന അങ്കണം സാഹിത്യക്യാമ്പില്‍ വെച്ച് പ്രേമലേഖനമായി ബഷീറിന്റെ 'പ്രേമലേഖനം' കയ്യിലെത്തിയത്. മടക്കയാത്രയില്‍ തീവണ്ടിത്തൊട്ടിലാട്ടത്തിലിരുന്ന് പഴയ എട്ടാംക്ളാസുകാരി വായിച്ച പ്രേമലേഖനം പിന്നെയും വായിച്ചു. ആകാശമിഠായിയെന്നഅത്ഭുതം ഞാനടച്ചിട്ട വാതിലുകളെല്ലാം ചവിട്ടിത്തുറന്ന് സ്വര്‍ണ്ണത്തമുടിയിട്ടുലച്ച് അകത്തുകയറി. എന്റെയുള്ളിലെ വിതുമ്പുന്ന പെണ്‍കുട്ടിയുടെ ഇളംനിറമുള്ള കുപ്പായമങ്ങളെടുത്തണഞ്ഞു. എന്നെക്കുറിച്ചുപറയൂ എന്ന് അവള്‍ എന്റെ എല്ലാമുറികളും കയറി ബഹളമുണ്ടാക്കി. അവളുമാകാശമിഠായിയും ഒന്നായതങ്ങനെയാണ്. അവളെ ശ്രീലക്ഷ്മിയുടെയും ഷറഫുദ്ദീന്റെയും മകളാക്കി.

അവധി കഴിഞ്ഞുള്ള മാഗസിന്‍ ചര്‍ച്ചയില്‍ അവളെ എല്ലാവരും സ്വീകരിച്ചു. മെയിന്‍ബ്ളോക്കിലെ വരാന്തയില്‍ (പയ്യന്നൂര്‍കോളേജിന്റെ വരാന്ത തന്നെ) വൈകുന്നേരത്തെ ഇളവെയിലിനും നമ്മള്‍ക്കുമൊപ്പം അവളും തെളിഞ്ഞുചിരിച്ചു. ഒരാള്‍ പറയുന്നതായതുകൊണ്ട് ഒരേ എഴുത്തുരീതികളുള്ള രണ്ടുപേര്‍ ഏറ്റെടുത്തു കവര്‍ സ്റോറി. വിദ്യയും എന്റെ കൂടെ എഴുതി. എഴുതുക എന്നതിലപ്പുറം മറ്റൊന്നും കാര്യമാക്കാതിരുന്ന ഒരുപാടുദിവസങ്ങള്‍ പേരറിയാത്ത 'പേരുമര'ങ്ങളുടെ കീഴെ കട്ടുറുമ്പുകളും ബുള്‍ബുകളും പങ്കെടുത്ത ചര്‍ച്ചകള്‍. തര്‍ക്കങ്ങള്‍ എഴുത്ത് തന്നെ ജീവിതമായി മാറിയ കുറേ ദിവസങ്ങളായിരുന്നു പിന്നീട്. കൂടെയുണ്ടെന്നു പറഞ്ഞു നടന്നവര്‍ അകന്നുപോവുകയും അതുവരെ വന്നിട്ടില്ലാത്തവര്‍ വിരല്‍കോര്‍ക്കുകയും ചെയ്ത് ബന്ധങ്ങളുടെ, സൌഹൃദത്തിന്റെ നിരര്‍ത്ഥകതയും സാര്‍ത്ഥകതയും ഒരേപോലെ പഠിപ്പിച്ച് ആരെ വിശ്വസിക്കണമെന്ന് കുഴക്കിയകാലം. കടുപ്പിച്ചുപറയാനും ഒറ്റയ്ക്കുനില്‍ക്കാനും തന്റേടം തന്നത് അവരൊക്കെത്തന്നെയാണ് ഒപ്പം ജീവനുള്ളമാഗസീനുണ്ടാകണമെങ്കില്‍ അത്യാവശ്യം വേണ്ടുന്ന ധനസമാഹരണം ചെയ്തഎന്റെ സഖാക്കളെയും മറക്കാനാവില്ല. വരകളിലൂടെ വലിയ ലോകങ്ങള്‍ പണിത് നിപിനും നിധീഷും പങ്കജുമൊക്കെ കൂടെ നടന്നു. പ്രൂഫ് വായനയ്ക്കായി കുരുത്തംകെട്ട അക്ഷരങ്ങളെ അടക്കിനിര്‍ത്തി രൂപയുംഭാനുവും ധീരജും... ഒരു മാഗസിന്‍ പുസ്തകമാകണമെങ്കിലുള്ള സങ്കീര്‍ണ്ണതകള്‍ക്കുകൂടെ നിന്നത് അര്‍ജ്ജുനും, പിന്നെ മറ്റൊരുപാടുപേരും. മാഗ്നറ്റിലെ ലേ ഔട്ട് സന്ധ്യകളില്‍ ഷോപ്പിംഗ് കോംപ്ളക്സിന്റെ നടുത്തളങ്ങളില്‍ മുന്നില്‍ കരഞ്ഞുപെയ്യുന്ന മഴ ഉണ്ടായിരുന്നു. എന്റെ ആവലാതികള്‍ ഇല്ലാതാക്കാനെന്നോണം ശോഭേച്ചി അടിച്ചുവിടുന്ന നിഷ്കളങ്കമായ തമാശകളും, എല്ലാം കഴിഞ്ഞെട്ടുമണിയോടെ പടികളിറങ്ങുമ്പോള്‍ തോന്നും, ഒരു ആകാശമിഠായിലേക്ക് എത്രദൂരമെന്ന് ഈരാത്രികളില്‍ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത സന്തോഷം അനുഭവിച്ചിട്ടുണ്ട്. അതോടൊപ്പം കുടിച്ചു ലക്കു
കെട്ടൊരാളുടെ വഴിതടയലും നേരിട്ടുണ്ട്. ഒച്ചപൊന്തിച്ചപ്പോള്‍ അവന്‍ വന്ന വഴിയെ മടങ്ങിപ്പോയി. മഞ്ഞവെട്ടം പടര്‍ന്ന സ്റേറ്റ്ബസില്‍ രാത്രിവെട്ടങ്ങളില്‍ കണ്ണുപായിച്ച് ഉറങ്ങി. പോയപ്പോഴേക്കും ഓരോ മഴത്തുള്ളിയെ അയച്ച് ആകാശം എന്നെ ഉണര്‍ത്തി.

"the older she got, the more she understood that life was not always about maintaining control, sometimes it was about letting go and just learning to enjoy the ride.

ഫെയ്സ്ബുക്കിലൂടെ ആയിരക്കണക്കിന് ലൈക്കുനേടി വലുതായ ഈ ജീവിതസമവാക്യം ആകാശമിഠായിയുടെതുകൂടിയായി. അവള്‍ ഊഴംകാത്തുനിന്നു മടുത്തവളാണ്. മൂന്നുവര്‍ഷത്തെ കോളേജുവാസത്തിനു ശേഷം ചാവോക്കുമരങ്ങള്‍ക്കും കടലാസുപൂക്കള്‍ക്കുമിടയിലൂടെ പൊടിപടലങ്ങളുമ്മവെച്ച കാലടികളോടെ കുന്നിറങ്ങുകയായിരുന്നു. (ഒരിക്കല്‍ അപ്പൂപ്പന്‍താടി പറഞ്ഞിട്ടുണ്ട്, ഓരോ കുന്നിറക്കവും ഓരോമരണമാണെന്ന്. അങ്ങനെ അവള്‍ പലതവണ മരിച്ചുപോയവളാണ്.) പിന്നാലെചെന്ന് വിളിച്ചുനിര്‍ത്തി അവളെക്കൊണ്ട് പറയിച്ചു. അവളുണ്ടായ മൂന്നുവര്‍ഷങ്ങളെപ്പറ്റി. പറയാനേറെയുണ്ടായിരുന്നു അവള്‍ക്ക്.

ഓരോ പെണ്‍കുട്ടിയിലും ഒരു ആകാശമിഠായി ഉണ്ട്. അവളിലേക്കുള്ള വളര്‍ച്ചയില്‍ ചിലര്‍മരിക്കുന്നു, ചിലര്‍ ജീവിക്കുന്നു. ജീവിക്കുന്നവരില്‍ ചിലര്‍ കല്ലേറുവാങ്ങുന്നു. അവരില്‍ ചിലര്‍ ആത്മഹത്യചെയ്യുന്നു. ഒളിപ്പിച്ചുവെക്കുന്ന സ്വപ്നങ്ങളെ കാലത്തിന്റെ വെയിലുതട്ടിക്കാതെ അവരില്‍ ചിലര്‍ കഴുത്തറുക്കുന്നു. പിന്നെ വിതുമ്പിവിതുമ്പിയില്ലാതാവുന്നു. പെണ്‍കുട്ടിയെന്നാല്‍ കരച്ചിലല്ലെന്നു തിരിച്ചറിഞ്ഞവളാണ്

 

 

ആകാശമിഠായി. ആദ്യമായി ഒരു പെണ്‍കുട്ടിയാണ് താനെന്ന് ഓര്‍മ്മിക്കപ്പെട്ടത് മഴക്കണ്ണുകളും മെലിഞ്ഞ വിരലുകളുമുള്ളൊരാള്‍ അവളോട് പ്രണയം പറഞ്ഞപ്പോള്‍ മാത്രമാണ്. തനിക്കുവേണ്ടിയുണ്ടിട്ടുള്ള സ്വര്‍ണാഭരങ്ങള്‍വിറ്റ് സ്വന്തം ലൈബ്രറി വലുതാക്കാന്‍ തീരുമാനിച്ചവള്‍. അക്ഷയത്രിതീയ ദിനത്തില്‍ സ്വര്‍ണ്ണവിരുദ്ധ ക്യാംപെയ്ന്‍ നടത്തി മഞ്ഞലോഹത്തോടുള്ള അമിതഭ്രമം കുറയ്ക്കാന്‍ അവളും കൂട്ടുകാരും ശ്രമിച്ചു. അമ്പലനടയില്‍ രാപ്പകല്‍ ഭജനയിരിക്കുന്നരോട് കാല്‍ച്ചുവട്ടിലെ മണ്ണൊഴുകിപ്പോയാല്‍ ഏതുദൈവം കൂടെയുണ്ടാവുമെന്ന് ചോദിച്ചു. ചോദ്യങ്ങളത്രയും അമ്പുകളാണെന്ന് അവള്‍ വിശ്വസിച്ചു. അന്യമതക്കാരനായ ദുര്‍ഖറിന്റെ കൂടെ നടന്നതിനാണ് യൂണിഫോമില്ലാപ്പോലീസുകാര്‍ അവളെ വിരട്ടിയത്. അതിനേക്കാള്‍ വലിയൊരൊച്ച അവള്‍ക്കുണ്ടായതുകൊണ്ട് നിലവിളിച്ചുതിരിഞ്ഞോടിയില്ല. സമരം ചെയ്യാതെ ജീവിക്കാന്‍ പറ്റാത്തൊരു കാലത്താണ് അവള്‍ ജീവിക്കുന്നത്. സാമൂഹ്യഅരാജകത്വത്തിന്റെ വലിയവലയില്‍ പടയുന്ന പരല്‍മീനുകളിലൊന്നായി ആകാശമിഠായി.

ജാതിയും മതവും പിടിമുറുക്കിക്കഴിഞ്ഞ സമൂഹത്തില്‍ നിന്ന് കുതറിയോടാനല്ല അവള്‍ ശ്രമിച്ചത്. എതിര്‍ക്കാനും ചോദ്യംചെയ്യാനുമാണ് പഠിച്ചത്. അവള്‍ക്ക് ജീവിതമെന്നാല്‍ സമരം തന്നെയായിരുന്നു. സമരസപ്പെടലിനുമപ്പുറത്ത് അതിജീവനത്തിലേക്കുള്ള വിശാലമായ വഴിയായി അവളുടെ ജീവിതസമരങ്ങള്‍. ഇറോംഷര്‍മ്മിള ചാനുവും (ഫിഡ കലോയും ജീവിതംകൊണ്ട് സമരംചെയ്തവരായതുകൊണ്ട് അവളവരെ നെഞ്ചേറ്റി. ഗാന്ധിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ വിരലുകള്‍ ഭീഷണിയിലായ മീനാകന്ദസാമിയോട് ഐക്യദാര്‍ഡ്യം. 'അഹിംസാവാദി'യായ സുഗതകുമാരിയുടെ ഇടംവലംനോക്കാത്ത പ്രതിഷേധപ്രകടനത്തോട് ഒരുതരത്തിലും യോജിക്കാനായില്ല ആകാശമിഠായിക്ക്. ആവിഷ്ക്കാരസ്വാതന്ത്യ്രം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അവള്‍ പക്ഷംചേര്‍ന്നത് മീനയോടായിരുന്നു.



 

 

പെണ്ണിനെ കൊത്തിത്തിന്നുന്ന ഭരണകൂടത്തോട് അവള്‍ക്കെന്നും വെറുപ്പാണ്. വേലിതന്നെ വിളവുതിന്നുന്ന രാജ്യത്ത് പെണ്ണിന് എന്ത് 'സുരക്ഷ'യാണ് ഉറപ്പായിട്ടുള്ളത്? എല്ലാത്തിനും മുമ്പേ മാറേണ്ടിയിരിക്കുന്നത് പുരുഷകേന്ദ്രീകൃതമനോഭാവമാണ്. മലയാളിപ്പെണ്‍കുട്ടി സ്വന്തമായി അഭിപ്രായമില്ലാത്തവളാണെന്ന് പറഞ്ഞ സത്യചന്ദ്രന്‍ പൊയിന്‍ക്കാവിനെ (കണ്ണാടികള്‍ ഉടയുമ്പോള്‍) തിരുത്തുന്നുആകാശമിഠായി.

"വിശക്കാതെ ഭക്ഷണം കഴിക്കുകയും ദാഹിക്കാതെ കുടിക്കുകയും ഉറക്കംവരാതെ ഉറങ്ങാന്‍ കിടക്കുകയും വര്‍ണ്ണങ്ങളില്‍ മുങ്ങിയാറാടി മദിച്ച്, നീളന്‍നഖങ്ങളില്‍ ചായംതേച്ച്, പുതിയമോഡ ലുകളിലുള്ള സ്വര്‍ണ്ണമോ അല്ലാത്തതോ ആയ ആഭരണങ്ങളണിഞ്ഞ് സ്വന്തമായഭിപ്രായമില്ലാത്തവളായി അവളെ മാറ്റുനനതാരാണ്?''ചോദിക്കുകയാണ്. സദാചാരസംഹിതകള്‍ക്കും അടക്കിയൊതുക്കലുകള്‍ക്കുമിടയില്‍ ശ്വാസംമുട്ടി അഭിപ്രായങ്ങള്‍ മരിച്ചുപോകാറാണു പതിവ്. "സത്യം പറഞ്ഞാല്‍ ആരൊക്കെയോ കൂടിച്ചേര്‍ന്ന് അവളെ തലയില്ലാത്തൊരു ശരീരം മാത്രമാക്കിത്തീര്‍ക്കുകയായിരുന്നു. പാകമാവുമ്പോള്‍ അവളെപ്പോലൊരു പെണ്ണിനെക്കാത്ത് ഉറക്കം നഷ്ടപ്പെട്ട ഏതെങ്കിലുമൊരാണിന്റെ മുന്നിലിട്ടുകൊടുക്കും. പിന്നെയെല്ലാം അവന്റെയിഷ്ടംപോലെ. അവളെ ആഘോഷമായിത്തന്നെ പറഞ്ഞയ്ക്കും. പിന്നെ എന്തുവന്നാലും അതെല്ലാം ഒറ്റയ്ക്കങ്ങ് സഹിച്ചാല്‍ മതി. മനസ്സിന്റെ ചില്ലുകളെ ഒരുബോണ്‍സായിയാക്കി ചെറിയൊരു മണ്‍ചട്ടിയിലൊതുക്കും. പിന്നെ അതിലൂറുന്ന വെള്ളം കുടിച്ച്, അതില്‍തട്ടുന്ന വെയിലുപുരട്ടി അവള്‍ നിത്യസുന്ദരിയായി മരണം വരെ. അതിനിടെ പലപാതിയുറക്കങ്ങളില്‍ ആകൃതിയോ നിറമോ മണമോ ശബ്ദമോ ഇല്ലാത്ത സ്വപ്നങ്ങളായി കടന്നുവരും പണ്ട് ഏതൊക്കെയോ മഴക്കാലങ്ങളിലും വേനലിലും പുലരികളിലും മറ്റുമായി ആരും കാണാതെ എഴുതിവെച്ച കവിതകള്‍... വരച്ചുകത്തിച്ച ചിത്രങ്ങള്‍... അടുക്കളയില്‍, അലക്കുകല്ലില്‍, കട്ടിലില്‍, കുളിമുറിയില്‍, വീട്ടിന്റെ ചുമരുകളില്‍ എല്ലാം പിന്നീട് ആ സ്വപ്നം വന്നു തടഞ്ഞുനില്‍ക്കും. പതുക്കെ അവളതിനെ ആട്ടിയോടിക്കാന്‍ പഠിക്കും. പിന്നെ അതാവും അവളുടെ ഏറ്റവും വലിയ സമാധാനം. ഒരുപാടുകാലങ്ങള്‍ക്കുശേഷം ഉമ്മറത്ത് ആരോ മറന്നുവെച്ച ഒരു കുടപോലെ അവള്‍ ബാക്കിയാവും. പരാതികളില്ലാത്ത വീടുകാവല്‍ക്കാരി. സന്ധ്യയ്ക്ക് ആകാശത്ത് പടര്‍ന്നിറങ്ങിയ ചുവപ്പിലേക്ക് ഉള്ളില്‍ബാക്കിയായ വിപ്ളവം അവള്‍ പറത്തിവിടും. അതില്‍ ആകാശം പിന്നെയു പിന്നെയും ചുവക്കും.''അടക്കിയൊതുക്കലുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ട് മനുഷ്യന്‍ മാത്രമായി ജീവിക്കാന്‍ അവളാഗ്രഹിച്ചു. അത്തരമൊരു പെണ്‍കുട്ടിയുടെ ഭയങ്ങളും ആശങ്കകളും പ്രതീക്ഷകളുമാണ് 'ഇനി ആകാശമിഠായി പറയട്ടെ'.

ആകാശമിഠായിയുടെ തോന്നലുകള്‍ ഒരാത്മഗതമാണ്. അതില്‍ ചോദ്യങ്ങളുണ്ട്. പ്രതിഷേധങ്ങളുണ്ട്, സ്വപ്നങ്ങളുണ്ട്....അതൊരു ഓര്‍മ്മയൊഴുക്കാണ്. കഴിഞ്ഞവര്‍ഷത്തെ മാഗസിന്‍ കാലമോര്‍ക്കുന്നു അവള്‍. ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്ന ലേഖനങ്ങളായി വേഷംമാറി മാഗസിനിലേക്കായി എഡിറ്റര്‍ കൈപറ്റിയ രചനകള്‍. പുസ്തകനിരൂപണങ്ങളും സിനിമയെഴുത്തുകളും 'അവര്‍ കണ്ടതുംവായിച്ചതും' എന്നൊരു വിഭാഗമായി. അഭിമുഖങ്ങള്‍ 'അങ്ങട്ടും ഇങ്ങടു'മായി....ഒടുവില്‍ പഴയ മാഗസിന്‍ എഡിറ്റര്‍ കനി ആകാശമിഠായിക്കൊരു കത്തെഴുതിയിട്ടുണ്ട്. 'ഇതെന്റെ മിഠായിക്ക്' പെണ്‍മയുടെ എല്ലാത്തരം ഗന്ധങ്ങളും വര്‍ണങ്ങളും വഹിക്കുന്നുണ്ട്.

ഈ കത്ത്.

 

 

"എന്റെ സ്വപ്നങ്ങളുടെ പാത്രം തട്ടിമറിഞ്ഞത് നിന്റെ ഉള്ളിലേക്കൂകൂടിയാണെന്നു മനസ്സിലായി. നിന്റെ ചിന്തകള്‍ക്ക് തീ നാമ്പിനേക്കാള്‍ ശക്തിയായിരുന്നു മിഠായി... ആകാശം പോലെ വിശാലവും...ഒന്നൂകൂടെ മനസ്സിലായി. നമ്മള്‍ വിചാരിച്ചാല്‍ ഈ ലോകത്തിലെ ചിലതെങ്കിലും, ചിലരെയെങ്കിലും, ചിലതിന്മകളെയെങ്കിലും മാറ്റാന്‍ പറ്റുമെന്ന്. അത് മനസിലാക്കുക എന്നതും വലിയൊരു തിരിച്ചറിവാണ്. ഏറെയൊന്നും പറ്റിയെന്നുവരില്ല. പക്ഷേ ചിലത് മാറ്റാന്‍ നമുക്കേകഴിയൂ...''

ഉള്ളില്‍ കനലുപേറുന്ന കനിയാണ് ആകാശമിഠായിയുടെ കൂട്ട്. അവളുടെ പ്രതിഷേധങ്ങളിലുംപ്രണയങ്ങളിലും പ്രതീക്ഷകളിലുമുള്ള ഒരേയൊരു കൂട്ട്. ബഷീറിന്റെ ആകാശമിഠായിയെപ്പറ്റി പ്രമോദ് പി. സെബാന്‍ എഴുതുന്നു."സെക്കുലര്‍ എന്ന വാക്കിന്റെ പൊള്ളത്തരങ്ങള്‍ നമ്മുടെ കുട്ടികള്‍ എത്രചെറുതിലേ പഠിച്ചിരിക്കുന്നു. പ്രണയത്തിലും പരിണയത്തിലും ജാതിക്കോമരങ്ങളായ കാരണവന്മാരെ വെല്ലുന്ന സെക്കുലറിസ്റുകളായി അവര്‍ വളര്‍ന്നുവരുന്നു. പ്രായോഗിക പ്രണയസങ്കല്പത്തിന്റെ ഈ വക്താക്കള്‍ക്ക് ആകാശമിഠായി പരി
ചയമുണ്ടാകാന്‍ തരമില്ല. ഇനി അഥവാ, പരിചയപ്പെട്ടാലും അതിന്റെ രുചി അവര്‍ക്ക് പിടുത്തംകിട്ടാനും പോവുന്നില്ല.'' (നൂറുബഷീര്‍) പക്ഷേ അങ്ങനെയൊരിടത്താണ് ആകാശമിഠായി പുനവരതരിക്കപ്പെടുന്നത്. കാലത്തിന്റെ വേഗക്കറക്കത്തില്‍പ്പെട്ട് പിന്നാമ്പുറത്തെ പൊടിപിടിച്ച വിറകുപുരയിലേക്ക് തള്ളപ്പെട്ട, ജാതിയും മതവുമില്ലാത്ത കുട്ടിയെ പെണ്‍കുട്ടിയാക്കി മാറ്റി. സമൂഹത്തെ ചോദ്യം ചെയ്യിക്കുകയും മനുഷ്യനെന്ന നിലയിലുള്ള അവളുടെ സങ്കടങ്ങളെ, ലോകത്തിന്റെ തന്നെ സങ്കടങ്ങളായി അവതരിപ്പക്കുകയും ചെയ്തിരുന്നു.
ജാതിമതങ്ങള്‍ കൈകള്‍ വരിഞ്ഞു ശ്വാസംമുട്ടിക്കുന്ന ലോകത്ത് ഒരു സാറാമ്മയും കേശവന്‍നായരുമുണ്ടായിരുന്നെന്നും, അവര്‍ക്കുശേഷം കാഞ്ചനമാലയും മൊയ്തീനും, സിതാരയം ഫഹീമും, ഇന്ദുമേനോനും രൂപേഷ്പോളും, രശ്മിയും ഷംസുദ്ദീനും പിന്നെ പേരറിയാത്ത ഒരുപാടൊരുപാട് സാറാമ്മമാരും കേശവന്‍നായര്‍ ഇവിടെയുണ്ടെന്ന് ലോകം മനസ്സിലാക്കട്ടെ ആകാശമിഠായിയിലൂടെ. സാറാജോസഫ് പറഞ്ഞതുപോലെ. ലോകത്ത് മനുഷ്യനെ നിലനിര്‍ത്തുക എന്ന കഴിവ് പെണ്ണിനാണ്. അത് ജാതിമതങ്ങള്‍ക്കെതിരായ ആയുധമായുപയോഗിക്കുക. "ഗര്‍ഭപാത്രംകൊണ്ട് ചെറുക്കാം, ജാതിയെയും മതത്തെയും'' ഇതാണ് ആകാശമിഠായിയുടെ സ്വപ്നം. ഒരു പക്ഷേ, ഉള്ളറകളില്‍ ആകാശ
മിഠായി സൂക്ഷിക്കുന്നവരുടെയാകെ സ്വപ്നം. പെണ്ണിനു യാത്രകള്‍ അസ്വസ്ഥതകളുടെ തള്ളിയേറ്റങ്ങളായ കാലത്ത് ഇങ്ങനെയേ എഴുതാനൊക്കൂ....

"പെണ്‍കുട്ടികളേ,
നമുക്ക് ആകാശത്തേക്കുപോകാം.
മേഘങ്ങള്‍ക്കിടയില്‍ താമസിക്കാം
കാര്‍മേഘങ്ങള്‍ കുത്തിപ്പൊട്ടിച്ച്
പാകമാകാത്ത മഴ തിന്നാം
പക്ഷികളെ പ്രണയിക്കാം.
മിന്നല്‍ നമുക്ക് മേഘനിധികള്‍കാട്ടിത്തരട്ടെ.
നമുക്ക് സ്വയം പഠിക്കാം.
ഇനി, മനുഷ്യരോടുകൂടി ഭൂമി നിലനില്‍ക്കണമെന്ന്
ആഗ്രഹമുണ്ടെങ്കില്‍ മാത്രം
താഴേക്കിറങ്ങുക
സ്വര്‍ഗലോകം മടുത്ത്, അസ്വസ്ഥകാമനകളുമായി
സുന്ദരികളെത്തേടി മണ്ണിലിറങ്ങുന്ന
ഗന്ധര്‍വ്വന്മാരെപ്പോലെ.''

 

ഡല്‍ഹിയില്‍, ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ഓര്‍മ്മിപ്പിക്കുന്ന ചിലതുണ്ട്. ഒരൊറ്റശക്തിക്കും കൂട്ടായ്മയുടെ ശക്തിയെ തോല്‍പിക്കാനാവില്ലെന്ന്. യുവത എന്ന അവസ്ഥയുടെ ശക്തിയെ തോല്‍പ്പിക്കാനാവില്ലെന്ന്. യുവത എന്ന അവസ്ഥയുടെ ഊര്‍ജ്ജം അപാരമാണെന്ന്. പക്ഷേ അപ്പോഴും ഭരണകൂടത്താല്‍പോലും പീഡിപ്പിക്കപ്പെടുന്ന പെണ്മയ്ക്കുവേണ്ടിയും ഒരു വെടിയുണ്ടകൊണ്ട് ഇല്ലാതാക്കപ്പെടുന്ന എണ്ണമില്ലാത്ത ജീവിതങ്ങള്‍ക്ക് വേണ്ടിയും പന്ത്രണ്ടുവര്‍ഷമായി സ്വന്തം ജീവന്‍ കൊണ്ട് സമരംചെയ്യുന്ന ഈറോംശര്‍മിളയെ പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു. ലോകാതിര്‍ത്തികളുടെ വ്യത്യാസമില്ലാതെ വേദനിക്കുകയും ഇല്ലാതാക്കപ്പെടുന്ന ജീവിതങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ജീവിതം എന്ന തിരിച്ചറിവാണൊടുവില്‍ ആകാശമിഠായി നല്‍കുന്നത്. എല്ലാം പറഞ്ഞുതീരുമ്പോഴും ഞാന്‍ ആകുലപ്പെടുന്നു; ഈ അക്ഷരങ്ങള്‍ എത്രകാലമെനിക്കു കൂട്ടുണ്ടാകുമെന്ന്...

"Once, I will lose the kite of my words
(like I lost that of innocence)
Even then, come and chant your poetry
into my ears.
So that I can recall the days
in which I wrote about this world.''

എഡിറ്ററായി ജയിച്ച് മഴനനഞ്ഞ് സന്തോഷിച്ചത് മുതല്‍ തിരുവനന്തപുരത്തെ തിരക്കില്‍ എണ്‍പതുകളുടെ ബാക്കിയായി നിരാശബാധിച്ച ഓരോട്ടോ ഡ്രൈവറുടെ, വഴിതെറ്റിപ്പോയ ലോകത്തെക്കുറിച്ചുള്ള ആവലാതികള്‍ കേട്ട് സ്റ്റുഡന്‍സ് സെന്ററിലേക്ക് അവാര്‍ഡ് വാങ്ങാന്‍ പോയതു വരെയും മഴയും വെയിലും മഞ്ഞും മാറി മാറി വന്നിട്ടും ആ തൊണ്ടവേദന എനിക്ക് കൂട്ടുണ്ടായിരുന്നു. ബഷീര്‍ ഒഴിച്ചിട്ട വലിയൊരിടം നിറച്ച സന്തോഷമുണ്ട്. എവിടെയൊക്കെയോ ആയി പുനര്‍ജനിക്കപ്പെട്ട സുഹറയോടൊപ്പം ഈ ആകാശമിഠായിയും വളരട്ടെ.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES