ചിത്രയുടെ റെക്കോഡോടെ കേരളം മുന്നില്‍

 


ഇറ്റാവ : ഉത്തര്‍ പ്രദേശിലെ ഇറ്റാവയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായിക മേളയുടെ രണ്ടാം ദിവസം പി.യു. ചിത്രയുടെ ദേശീയ റെക്കോഡോടെ 46 പോയിന്റുമായി കേരളം മുന്നില്‍. നാല് സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമാണ് കേരളത്തിനുള്ളത്. 400 മീറ്ററില്‍ ഒരു സ്വര്‍ണംപോലും നേടാനാകാതെ നിരാശയുടേതായിരുന്നു ഈ ദിവസം. അഞ്ച് സ്വര്‍ണത്തോടെ മഹാരാഷ്ട്രയാണ് മെഡല്‍ക്കണക്കില്‍ മുന്നില്‍.

നാല് ദേശീയ റെക്കോഡുകളാണ് രണ്ടാം നാള്‍ പിറന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ കേരളത്തിന്റെ പി.യു. ചിത്ര (17 മിനിറ്റ് 04.8 സെ) മണിപ്പുരിന്റെ രാധാമണി ദേവി 1998ല്‍ സ്ഥാപിച്ച 17:29.2 സെക്കന്‍ഡിന്റെ പ്രകടനമാണ് തിരുത്തിയത്. മീറ്റിലെ ചിത്രയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തെ 3000 മീറ്ററിലും ചിത്ര സ്വര്‍ണമണിഞ്ഞിരുന്നു.

സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ഹരിയാനയുടെ സോനു സൈനി 4.71 മീറ്ററോടെ റെക്കോര്‍ഡ് നേടി. ഇതേയിനത്തില്‍ വെള്ളിനേടിയ കോതമംഗലം സെന്റ് ജോര്‍ജിലെ വിഷ്ണു ഉണ്ണിയുടേതും നിലവിലെ ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനമാിരുന്നു (4.60 മീറ്റര്‍).. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മഹാരാഷ്ട്രയുടെ അഞ്ജന താംഗെ റെക്കോര്‍ഡിട്ടു. ടിന്റു ലൂക്കയുടെ 55.61 സെക്കന്‍ഡ് റെക്കോര്‍ഡാണ് 54.77സെക്കന്റില്‍ തകര്‍ന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മറുനാടന്‍ മലയാളി മേഘന ദേവാംഗ 12.45 മീറ്ററിന്റെ റെക്കോഡ് കൈക്കലാക്കി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ തൃശൂര്‍ മതിലകം ഒ.എല്‍.എഫ്. ജി.എച്ച്.എസ്സിലെ കെ. സിംന സ്വര്‍ണം നേടി. വിഷ്ണു ഉണ്ണി (സീനിയര്‍ പോള്‍വോള്‍ട്ട്, കോതമംഗലം സെന്റ് ജോര്‍ജ്), ലിജോ മാണി (സീനിയര്‍ 400, കല്ലടി സ്കൂള്‍), വി.വി. ജിഷ (സീനിയര്‍ 400, പറളി), ഷഹര്‍ബാന സിദ്ദിഖ് (ജൂനിയര്‍ 400, ഉഷ സ്കൂള്‍), ജെനിമോള്‍ ജോയ് (സീനിയര്‍ ലോങ്ജമ്പ്, തിരുവനന്തപുരം സായി) എന്നിവര്‍ വെള്ളിമെഡല്‍ നേടി. കെ.കെ. വിദ്യ (സീനിയര്‍ 5,000, കല്ലടി), സി. ബബിത (ജൂനിയര്‍ 400, കല്ലടി), എബിന്‍ സണ്ണി (സീനിയര്‍ പോള്‍വാള്‍ട്ട്, കല്ലടി), കെ. സ്നേഹ (സബ്ജൂനിയര്‍ 400, ഉഷ സ്കൂള്‍), സി.കെ. പ്രജിത (സീനിയര്‍ ജാവലിന്‍, തിരുനാവായ നാവാ മുകുന്ദ) എന്നിവര്‍ വെങ്കലം നേടി.

ചരിത്രത്തിലാദ്യമായാണ് 400 മീറ്ററില്‍ കേരളത്തിന് തിരിച്ചടി നേരിട്ടത്. മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ ഒഡിഷയുടെ ദ്യുതി ചന്ദും (55.74 സെ) ജൂനിയറില്‍ അഞ്ജനെ താംഗെയും സബ്ജൂനിയറില്‍ മഹാരാഷ്ട്രയുടെ നിധി സിങ്ങും (59.5 സെ) സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളില്‍ പശ്ചിമ ബംഗാളിന്റെ നീല്‍ കുമാറും (49.38 സെ) ജൂനിയറില്‍ പഞ്ചാബിന്റെ നരീന്ദര്‍ സിങ്ങും (49.71 സെ) സബ്ജൂനിയറില്‍ ആന്ധ്രയുടെ ജി. വെങ്കട നായിഡുവും (51.61 സെ) സ്വര്‍ണം നേടി.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES