കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാഴാഴ്ച്ച മുതല്‍ ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാകില്ല. ചിക്കന്‍ വിലവര്‍ധന കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ഹോട്ടലുകള്‍ വ്യാഴാഴ്ച്ച മുതല്‍ ചിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന സമതിയോഗമാണ് തീരുമാനമെടുത്തത്. ബുധനാഴ്ച്ച ചേരുന്ന സംസ്ഥന എക്സിക്യൂട്ടീവ് യോഗം തീരുമാനത്തിന് അംഗീകാരം നല്‍കും.
നാലു മാസം മുന്പ് 40 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് ഇപ്പോള്‍ 130 മുതല്‍ 150 രൂപ വരെയാണ് വില. ഈ അവസ്ഥയില്‍ നിലവിലെ വിലയ്ക്ക് ചിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് സംസ്ഥാനത്തെ ഹോട്ടലുകളെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്കരിക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച മുതല്‍ ചിക്കന്‍ ഉത്പന്നങ്ങള്‍ ഇല്ല എന്ന ബോര്‍ഡ് ഹോട്ടലുകള്‍ക്ക് മുന്നില്‍ തൂക്കും. ബഹിഷ്കരണം തുടങ്ങിയതിന് ശേഷം കോഴിയ്ക്ക് വില കുറഞ്ഞാല്‍ ബഹിഷ്കരണം അവസാനിപ്പിക്കും. സംസ്ഥാനത്ത് കോഴിയിറച്ചിയ്ക്ക് കൃത്രിമ വിലക്കയറ്റമാണ് നിലവിലുള്ളത്. ഹോട്ടല്‍ ജോലിക്ക് തൊഴിലാളികളെ കിട്ടാത്തതും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുതിയ നിയമങ്ങളും ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


Home
Add comment