ദില്ലി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവെയ്ക്കില്ലെന്ന് പി ജെ കുര്യന്‍ വ്യക്തമാക്കിയതിനിടെ, കുര്യനെ പിന്തുണച്ച് കോണ്‍ഗ്രസ്, ബി.ജെ.പി ദേശീയ നേതൃത്വങ്ങള്‍ വീണ്ടും രംഗത്ത്. കുര്യനെതിരെയുള്ള കേസ് നേരത്തെ കോടതി റദ്ദാക്കിയതാണെന്നും ഇനി തീരുമാനമെടുക്കേണ്ടത് കോടതി തന്നെയാണെന്നും കോണ്‍ഗ്രസ് വക്താവ് രേണുക ചൌധരി പറഞ്ഞു. കുര്യനെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും, രാജിവെക്കേണ്ടതില്ലെന്നും ബി.ജെ.പി വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. ഇതിനിടെ സോണിയാഗാന്ധിയെ കാണാന്‍ പി.ജെ.കുര്യന് ഇന്ന്ും സമയം അനുവദിച്ചില്ല.
സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയും ഒരേ നിലപാടുമായി രംഗത്തു വന്നത്.
മാറി നില്‍ക്കാന്‍ സാധ്യത
കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുര്യനെ പൂര്‍ണ്ണമായും പിന്തുണക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൌധരി സ്വീകരിച്ചത്. എന്നാല്‍, കുര്യന്‍ വിഷയത്തില്‍ ഹൈക്കമാന്റ് ഇതുവരെ നിലപാടെടുത്തിട്ടില്ല. തീരുമാനം കുര്യന് വിടാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കൂര്യന്‍ സ്വയം മാറി നില്‍ക്കാനാണ് സാധ്യത. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ സോണിയാഗാന്ധി തീരുമാനമെടുക്കൂ. പഴയ കേസ് ഡയറിയും പുതുതായി ഉയര്‍ന്ന ആരോപണങ്ങളും ഹൈക്കമാന്റ് വിലയിരുത്തും. ഒപ്പം നിയമനടപടിയോ പുനരന്വേഷണമോ ഉണ്ടാകുമോ എന്നറിയാന്‍ ഒരാഴ്ച കൂടി കാത്തിരിക്കുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നു.സാഹചര്യം എതിരാകുകയാണെങ്കില്‍ പി ജെ കുര്യന്‍ സ്വയം മാറിനല്‍ക്കുന്ന തരത്തിലാകും കാര്യങ്ങള്‍ ചെന്നെത്തുക.ഇതിനിടെ കുര്യന് സോണിയാഗാന്ധിയെ കാണുന്നതിനുള്ള സമയം ഇതുവരെ ലഭിച്ചില്ല.
ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് ബി.ജെ.പി
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ ബി.ജെ.പി ഏറ്റവും ഒടുവിലാണ് നിലപാട് വ്യക്തമാക്കിയത്. പി.ജെ.കുര്യനെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. ഇപ്പോഴത്തെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കുര്യന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടില്ല എന്നും നിയമപരമായ നടപടികള്‍ അതിന്റെ വഴിക്ക് പോകട്ടേയെന്നും നഖ് വി കൂട്ടിച്ചേര്‍ത്തു. കുര്യന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന്
പാര്‍ലമെന്ററി പാര്‍ടി തീരുമാനിക്കും.
സംസ്ഥാന ബി.ജെപിക്ക് ഭിന്നാഭിപ്രായം
എന്നാല്‍, കുര്യന്‍ രാജിവെക്കണമെന്നും, സൂര്യനെല്ലി കേസില്‍ പുനരന്വേഷണം നടത്തണമെന്നുമാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍റെ ആവശ്യം. അതിന് ഘടകവിരുദ്ധമായ നിലപാട് സ്വീകരിച്ച് സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കേന്ദ്ര നേതൃത്വം. 2007ല്‍ കുര്യന് വേണ്ടി സുപ്രീംകോടതിയില്‍ അരുണ്‍ ജയ്റ്റ്ലി ഹാജരായതും, രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് പി.ജെ.കുര്യനെ എതിര്‍ക്കാതിരുന്നതുമാണ് ദേശീയ നേതൃത്വത്തിന്റെ കുര്യന്‍ അനുകൂല നിലപാടിന് കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന് നിലപാട് തിരുത്തേണ്ടിവരുമെന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.
അതിനിടെ, കുര്യന്‍ നല്ല വ്യക്തിയാണെന്ന് ഐക്യ ജനതാദള്‍ നേതാവ് ശരത് യാദവ് അഭിപ്രായപ്പെട്ടു.
രാജിവെക്കില്ലെന്ന് കുര്യന്‍
കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പി ജെ കുര്യന്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് ദേശീയ ദൃശ്യമാധ്യമങ്ങളോട് മനസ് തുറന്നത്. എന്നാല്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കാണാന്‍ കുര്യന്‍ തയ്യാറായില്ല. സൂര്യനെല്ലി കേസില്‍ തനിക്കെതിരെ പുതിയ തെളിവുകളോ കോടതി വിധിയോ ഉണ്ടായിട്ടില്ലെന്ന കാര്യമാണ് പി ജെ കുര്യന്‍ ആവര്‍ത്തിക്കുന്നത്.ഈ സാഹചര്യത്തില്‍ താന്‍ രാജിവെയ്ക്കണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home