ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി സ്പിന്‍ പിച്ച് ഒരുക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഇന്ത്യന്‍ താരം വിരാട് കൊഹ്ലി. സ്പിന്നാണ് എക്കാലവും ഇന്ത്യയുടെ ശക്തി. മാത്രമല്ല ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പര്യടനം നടത്തിയപ്പോള്‍ പരിശീലന മത്സരങ്ങള്‍ക്ക് ഫ്ളാറ്റ് പിച്ചുകളും ടെസ്റ്റിന് ബൗണ്‍സും വേഗവുമുള്ള പിച്ചുകളാണ് നമുക്ക് ലഭിച്ചത്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരെ പന്ത് കുത്തി തിരിയുന്ന പിച്ച് ഒരുക്കിയാല്‍ ഒരു തെറ്റുമില്ല-കൊഹ്ലി നയം വ്യക്തമാക്കി.
ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും പരിശീലന മത്സരങ്ങളില്‍ മത്സരത്തിന് സമാനമായ പിച്ചാണ് ലഭിച്ചിരുന്നതെങ്കില്‍ മെച്ചപ്പെട്ട രീതിയില്‍ തയാറെടുക്കാനാവുമായിരുന്നു. അതുകൊണ്ടുകൊണ്ടു തന്നെ ഇംഗ്ലണ്ടിനും ഓസീസിനുമായി കുത്തിത്തിരിയുന്ന പിച്ചുകളൊരുക്കുന്നുവെങ്കില്‍ അത് നീതികരിക്കാവുന്നതേയുള്ളൂവെന്നും കൊഹ്ലി പറഞ്ഞു. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള കെവിന്‍ പീറ്റേഴ്സണുമേല്‍ ഇന്ത്യയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കനത്ത സമ്മര്‍ദ്ദമുണ്ടാവുമെന്നും കൊഹ്ലി വ്യക്തമാക്കി.
ഇന്ത്യന്‍ താരങ്ങള്‍ക്ക് ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ ദൗര്‍ബല്യമുണ്ടെന്ന വാദവും കൊഹ്ലി തള്ളി. സച്ചിനും ദ്രാവിഡും സേവാഗിനും ലക്ഷ്മണുമൊന്നും ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കാനറിയില്ലെന്ന് ആരെങ്കിലും പറയുമോ.ലോകത്തിലെ ഏത്ര മികച്ച ബാറ്റ്സ്മാനായാലും ബൗണ്‍സറുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടും. ഒരു നല്ല ബൗണ്‍സര്‍ എല്ലായ്പ്പോഴും നല്ല ബൗണ്‍സര്‍ തന്നെയാണ്. കവര്‍ ഷോര്‍ട്ട് കളിക്കുമ്പോള്‍ ക്യാച്ച് നല്‍കി പുറത്തായാല്‍ കുഴപ്പമില്ലെങ്കില്‍
പിന്നെ ഷോര്‍ട്ട് പിച്ച് പന്തു കളിച്ച് പുറത്താവുന്നതിനെ എന്തിനാണ് വിമര്‍ശിക്കുന്നതെന്നും കൊഹ്ലി ചോദിച്ചു.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ എത്ര കളിക്കാന്‍ ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പുറത്തായി എന്നു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും കൊഹ്ലി പറഞ്ഞു. വിദേശത്ത് തുടര്‍ച്ചയായി എട്ടു ടെസ്റ്റുകള്‍ തോറ്റത് കൊണ്ടു മാത്രം ധോണി മോശം ക്യാപ്റ്റനാകുന്നില്ലെന്നും ജൂനിയര്‍ കളിക്കാര്‍ക്ക് എല്ലായ്പ്പോഴും പിന്തുണ നല്‍കുന്ന ക്യാപ്റ്റനാണ് ധോണിയെന്നും കൊഹ്ലി പറഞ്ഞു.
30ന് മുംബൈയില്‍ ഇന്ത്യ എക്കെതിരായ ത്രിദിന പരിശീലന മത്സരത്തോടെയാണ് ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 15ന് അഹമ്മദാബാദില്‍ ആരംഭിക്കും. നാലു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്‍റി -20 മത്സരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനം.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home