വിട, അരിസോണ!
magazine
By നിര്‍മല | 10:44 PM Thursday, 16 March 2017
  • 'ഒറ്റ സ്‌നാപ്പില്‍ ഒതുങ്ങില്ല, അരിസോണ!'
  • പ്രശസ്ത എഴുത്തുകാരി നിര്‍മലയുടെ അരിസോണാ യാത്രാനുഭവങ്ങള്‍ അവസാനിക്കുന്നു

'ഒറ്റ സ്‌നാപ്പില്‍ ഒതുങ്ങില്ല, അരിസോണ!' പ്രശസ്ത എഴുത്തുകാരി നിര്‍മലയുടെ അരിസോണാ യാത്രാനുഭവങ്ങള്‍ അവസാനിക്കുന്നു

ആദ്യ ഭാഗം: ഈ മലകയറിയവരാരും മടങ്ങിവന്നിട്ടില്ല!
രണ്ടാം ഭാഗം: ഇതൊരു സമുദ്രമായിരുന്നു;  തീരമാകെ ദിനോസറുകളും!

മൂന്നാം ഭാഗം: ഈ നദിക്കരയില്‍ ഇരിക്കുമ്പോള്‍ കണ്ണു നിറയുന്നത് എന്തുകൊണ്ടാണ്?

 

അന്നു രാത്രി ഞങ്ങള്‍ നവാഹോ ഗോത്രത്തിന്റെ ഭൂമിയായ ടുബ സിറ്റിയിലാണ് താമസിച്ചത്.  ഹോട്ടലിന്റെ ലോബിയില്‍ അതിഥികളെ സ്വീകരിക്കാന്‍ നവാഹോക്കാരുടെ ഇടയില്‍ പ്രശസ്തമായ ഫ്രൈ ബ്രെഡും തേനും ഉണ്ടായിരുന്നു. നവാഹോ ഗോത്രം ഇന്നും പരിപാവനമായി കരുതുന്ന ഈ ഫ്രൈ ബ്രെഡിനു പിന്നില്‍ ചതിയുടെയും ദുരിതത്തിന്റെയും  കഥയുണ്ട്.  

അരിസോണ, ന്യൂ മെക്‌സിക്കോ, കൊളറാഡോ, യൂട്ടാ അതിര്‍ത്തികള്‍ക്കിടയിലെ പര്‍വ്വതങ്ങളുടെ താഴ്വരയില്‍ നവാഹോ ഗോത്രവര്‍ഗ്ഗക്കാര്‍ നൂറ്റാണ്ടുകളായി കൃഷിയും കന്നുകാലി വളര്‍ത്തലുമായി കഴിഞ്ഞു വരികയായിരുന്നു. ഇവര്‍ മറ്റു രാജ്യക്കാരുമായും മറ്റുഗോത്രങ്ങളുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. ക്രമേണ യൂറോപ്പില്‍ നിന്നും വന്നു അമേരിക്കയെ 'കണ്ടെത്തി'യവരെയും ഇവര്‍ വിശ്വസിച്ചു.  യൂറോപ്പില്‍ നിന്നുമുള്ളവര്‍ ഇവിടെ താമസം തുടങ്ങുകയും അവര്‍ എണ്ണത്തില്‍ കൂടിക്കൂടിവരികയും ചെയ്തു. പിന്നെ കുതിരപ്പട്ടാളവും ലഹളയും കൊല്ലും കൊലയുമായപ്പോള്‍ 1846ല്‍ നവാഹോ ഗോത്രത്തലവന്‍ നര്‌ബോണ കുറെയേറെ പോരാളികളുമായി കേണല്‍ ജോണ്‍ വാഷിംഗ്ടണിനെ കാണാന്‍ പോയി. സമാധാനഉടമ്പടി പ്രതീക്ഷിച്ചുവന്ന ഗോത്രവര്‍ഗക്കാര്‍ക്ക് നേരെ പീരങ്കിയുണ്ടകളാണ് വന്നത്. അതില്‍ നര്‌ബോണ കൊല്ലപ്പെട്ടു.

സമാധാന കരാറുകള്‍ക്ക് വീണ്ടും ശ്രമിച്ചെങ്കിലും ഒടുക്കം അമേരിക്കന്‍  ചരിത്രത്തിലെ മങ്ങിയ നാഴികക്കല്ലായ 'Long Walk' ലാണ് ചെന്നെത്തുന്നത്. അമേരിക്കക്കാരായി മാറിയ കുടിയേറ്റക്കാര്‍ അരിസോണയിലെ ഗോത്രവര്‍ഗക്കാരെ അവിടെ നിന്നും ബലാല്‍ക്കാരമായി പുറത്താക്കി. അവരുടെ വിളവുകള്‍ തീയിട്ടു നശിപ്പിച്ചു.പട്ടാളം അവരെ 500 കിലോമീറ്റര്‍ അകലെയുള്ള പെക്കോസ് നദിക്കരികിലെ Fort Sumnerലേക്ക് നടത്തിച്ചു.   ഇവര്‍ക്ക് വേണ്ട ഭക്ഷണമോ ആവശ്യത്തിനു വെള്ളമോ വിശ്രമിക്കാന്‍ അവസരമോ കൊടുക്കാതെ നിഷ്ടൂരമായ പെരുമാറ്റമായിരുന്നു പട്ടാളക്കാരുടെത്.  പതിനെട്ടു ദിവസം നീണ്ട ഈ നടത്തത്തിനിടയില്‍ ഇരുനൂറു പേരോളം മരിച്ചു വീണു. ഈ ദീര്‍ഘ നടത്തത്തിനൊടുക്കം പതിനായിരം പേരെ നൂറു കിലോമീറ്റര്‍ ചുറ്റളവിലായി നാലു വര്‍ഷത്തോളം പാര്‍പ്പിച്ചു.  ഈ സമയത്ത് റേഷനായി കിട്ടിയിരുന്ന മൈദയും, ഉപ്പും, പഞ്ചസാരയും, ബേക്കിംഗ് പൌഡറും, പന്നിക്കൊഴുപ്പും, പാല്‍പ്പൊടിയും കൊണ്ടാണവര്‍ ജീവിച്ചത്.  ഈ വകയെല്ലാം കൂട്ടിയുണ്ടാക്കുന്നതാണ് Fry bread. മൈദമാവ് ഉപ്പും വെള്ളവും പാല്‍പ്പൊടിയും, ബേക്കിംഗ് പൌഡറും ചേര്‍ത്ത് കുഴച്ചിട്ട് ചെറിയ ഉരുളകളാക്കി കൈകൊണ്ടു പരത്തിയെടുക്കും.  അതിനെ പന്നിക്കൊഴുപ്പില്‍  വറുത്തെടുത്ത് പഞ്ചസാര തൂവി കഴിക്കും.  ഇതായിരുന്നു അവരുടെ പ്രധാന ഭക്ഷണം. ആ ഓര്‍മ്മകള്‍ ഇന്നും നിലനിര്‍ത്തുന്നു. 

നവാഹോ മ്യൂസിയം

ഈ ഫ്രൈ ബ്രെഡിനു പിന്നില്‍ ചതിയുടെയും ദുരിതത്തിന്റെയും  കഥയുണ്ട്.  

ഹോട്ടലിനോടനുബന്ധിച്ചുള്ള റസ്‌റ്റോറന്റിലെ മെനുവിന്റെ മുകളില്‍ Good Morning നൊവൊഹോ ഭാഷയില്‍ എഴുതിയിട്ടുണ്ട്.  അതെങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്ന് വെയിട്രസിനോട് ചോദിച്ചു. 

റസ്‌റ്റോറന്റിലെ മെനു

മെനുവിന്റെ മുകളില്‍ Good Morning നൊവൊഹോ ഭാഷയില്‍ എഴുതിയിട്ടുണ്ട്.  

യാ ച്ചേ ബനെ!  .   

ഞാന്‍ യോപ്പിയാണെന്ന ക്ഷമാപണത്തോടെ ആ കുട്ടി പറഞ്ഞു തന്നു.

കലമാനുകളുടെ വിഹാരകേന്ദ്രം
ചിത്രപ്രശസ്തമായ ആന്റലോപ് കാന്യനാണ് (Antelope Canyon) അടുത്ത ലക്ഷ്യം.  രണ്ടു മണിക്കൂര്‍ ദൂരെയുള്ള പേജിലാണ് അത്.  നവഹോ വംശക്കാര്‍ ഇതിനെയും ദൈവിക ഭൂമിയായിട്ടാണ് കരുതുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ കലമാനുകളുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം. 

ആന്റലോപ് കാന്യന്‍

നൂറ്റാണ്ടുകള്‍ക്ക് മുമ്പ കലമാനുകളുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം. 

അങ്ങനെയാണ് ആന്റലോപ് കാന്യന്‍ എന്ന പേര് ഇംഗ്ലീഷുകാര്‍ ഇട്ടത്  ഞങ്ങള്‍ Lower Antelope Canyonനിലാണ് പോയത്.  അധികം ദൂരെയല്ലാതെ Upper Antelope Canyonലേക്കുള്ള പ്രവേശനപ്പാര്‍ക്കുണ്ട്.  Lower Antelope Canyon കൂടുതല്‍ നീളമുള്ളതും കുറച്ചുകൂടി സങ്കീര്‍ണ്ണവുമാണ്. പത്തുമുതല്‍ പതിനഞ്ചു പേര്‍ വീതമുള്ള ഗ്രൂപ്പായിട്ടാണ് ഗൈഡ് നമ്മളെ കൊണ്ടു പോകുന്നത്. ഞങ്ങള്‍ക്ക് ഒരു മണിക്കൂറോളം കാത്തു നില്‍ക്കേണ്ടി വന്നു.  ഉച്ചകഴിഞ്ഞു ചെന്നാല്‍ തിരക്കുള്ള ദിവസമാണെങ്കില്‍ ചിലപ്പോള്‍ അന്ന് പോകാന്‍ പറ്റിയില്ലെന്നു വരും. ചെമ്മണ്‍ നിറത്തിലുള്ള വളഞ്ഞു പുളഞ്ഞ പാറയില്‍ ഉറപ്പിച്ചിരിക്കുന്ന ഇടുങ്ങിയ ഇരുമ്പുകോണിയില്‍ക്കൂടി കുറെയധികം താഴേക്കിറങ്ങാനുട്ണ്ട്.   

ഞങ്ങളുടെ ഗൈഡ് നൊവോഹോ ഗോത്രക്കാരിയായ ഒരു ചെറിയ പെണ്‍കുട്ടിയായിരുന്നു.

'ഇവിടെത്തന്നെ ജനിച്ചു വളര്‍ന്ന എനിക്ക് ഇവിടം സ്വന്തം കൈവെള്ളപോലെ അറിയാം'. അവള്‍ അഭിമാനത്തോടെ പറഞ്ഞു. 

മഴപെയ്താല്‍  ഈ വിള്ളലുകളിലുണ്ടാവാകുന്ന മിന്നല്‍ പ്രളയത്തെപ്പറ്റി  (flash flood) അവള്‍ വിവരിച്ചപ്പോള്‍ സത്യത്തില്‍ പേടിതോന്നി. 1997ലെ മിന്നല്‍ പ്രളയത്തില്‍ പതിനൊന്നു പര്യടനക്കാര്‍ ഇവിടെ മരിച്ചിട്ടുണ്ടത്രേ. ഇവിടെത്തന്നെ മഴ പെയ്യണമെന്നില്ല.  പതിനൊന്നു കിലോമീറ്റര്‍ ദൂരെ പെയ്ത മഴയില്‍ നിന്നുമുള്ള വെള്ളം പാറയിടുക്കിലൂടെ വന്നാണ് അന്റലോപ് കാന്യനിലെ വിള്ളലുകളില്‍  പെട്ടെന്ന് പ്രത്യക്ഷമായത്.

മണ്‍ കൂജയുടെ നിറവും തണുപ്പുമാണ് ഈ ഭിത്തികള്‍ക്ക്. വിള്ളലുകളിലൂടെ വരുന്ന സൂര്യപ്രകാശം ഇതിനെ ഒരു മായാലോകമാക്കി മാറ്റും.  ആന്റലോപ് കാന്യനിലെ ഫോട്ടോകള്‍ കാണുമ്പോഴെല്ലാം ഇതെന്തു സ്ഥലം എങ്ങനെ ഈ നിറം, ഈ ഭിത്തികള്‍ എന്നൊക്കെ ഗ്രഹിക്കാതെ ഞാന്‍ മിഴിച്ചുനോക്കാറുണ്ടായിരുന്നു.   അവിടെ നില്‍ക്കുമ്പോഴും കണ്ണിനു നേരെമുമ്പില്‍ കാണുമ്പോഴും ഇതെന്തു സ്ഥലം എങ്ങനെ ഈ നിറം, ഈ ഭിത്തികള്‍, വളവുകള്‍ എന്ന് ഗ്രഹിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി.   ഭിത്തികളില്‍ മുഖം ചേര്‍ത്തുവെച്ച്  പേടമാന്‍പാറകളോട് പറഞ്ഞു, ഞാനിവിടെ വന്നിരുന്നു,

കുതിരലാടംപോലെ നദി
റോക്കി മൌണ്ടനില്‍ നിന്നും തുടങ്ങി ഗ്രാന്റ് കാന്യനെ മുറിച്ച് കടന്ന പോകുന്ന കൊളറാഡോ നദി കുതിരലാടംപോലെ വളഞ്ഞു തിരികെയൊഴുകുന്നതും പേജില്‍ തന്നെയാണ്. കാര്‍ പാര്‍ക്കു ചെയ്തു പത്തു പതിനഞ്ചു മിനിട്ട് നടന്നാല്‍ പാറക്കൂട്ടങ്ങളില്‍ നിന്ന് ഈ അപൂര്‍വ്വ കാഴ്ച കാണാം. 

കുതിരലാട വളവ്‌

കൊളറാഡോ നദി കുതിരലാടംപോലെ വളഞ്ഞു തിരികെയൊഴുകുന്നു

ഇവിടെയെങ്ങും വേലിയോ അപായ മുന്നറിയിപ്പോ ഇല്ലാതിരുന്നത് ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു.  കാനഡയിലാണെങ്കില്‍ സുരക്ഷയ്ക്ക് അമിത പ്രാധാന്യമാണ്.  ഇതിന്റെയൊന്നും ആറടി അരികിത്തേക്ക്  പോകാന്‍ കാഴ്ചക്കാര്‍ക്ക് അനുവാദം ഉണ്ടാവില്ല. ഉണ്ടെങ്കില്‍ത്തന്നെ  ഉയരത്തില്‍ വേലികെട്ടി ഭദ്രമാക്കിയിട്ടുണ്ടാവും.

കാനഡയിലെ സുരക്ഷാ വിഭാഗം  ഇന്ത്യന്‍ പേരന്റ്‌സിനെപ്പോലെ ഓവര്‍ പ്രൊട്ടക്റ്റീവ്  ആണല്ലോ!

ഞങ്ങള്‍ തമാശ പറഞ്ഞു.

സ്മാരകസ്തൂപങ്ങളുടെ താഴ്‌വര
യൂട്ട സംസ്ഥാനാതിര്‍ത്തിയിലുള്ള  മോനുമെന്റ് വാലിയിലെ  നൊവോഹോ ട്രൈബല്‍ പാര്‍ക്കിലേക്കാണ് അവിടെ നിന്നും പോയത്. ചുവന്ന മണല്‍സ്തൂപങ്ങള്‍  ഉയര്‍ന്നു നില്‍ക്കുന്ന ഈ പാര്‍ക്കില്‍വെച്ചാണ്  പല വെസ്റ്റേണ്‍ സിനിമകളും എടുത്തിരിക്കുന്നത്. വീണ്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും വലിപ്പവും വൈവിധ്യവുമുള്ള സ്തൂപങ്ങള്‍ കണ്ടു അന്തിച്ചു പോയി! 

മണല്‍സ്തൂപങ്ങള്‍

ഈ പാര്‍ക്കില്‍വെച്ചാണ്  പല വെസ്റ്റേണ്‍ സിനിമകളും എടുത്തിരിക്കുന്നത്.

മണല്‍സ്തൂപങ്ങള്‍

അന്നു രാത്രി  കെയന്റയില്‍  (Kayenta) താമസിച്ചു.

വളച്ചു വാതിലുകളുടെ  ഉദ്യാനം

യൂട്ടയിലെ ആര്‍ച്ചസ് നാഷണല്‍ പാര്‍ക്കിലേക്ക് (Arches National Park) കെയെന്റയില്‍ നിന്നും രണ്ടു മണിക്കൂര്‍ ഡ്രൈവു ചെയ്യണം. വഴിനീളെ റോഡ്മുറിച്ചു കടക്കാവുന്ന മാനുകളുടെ മുന്നറിയിപ്പ് ചിഹ്നമുണ്ട്.  Devils mountain ക്യാമ്പിംഗ് സൈറ്റ് കഴിഞ്ഞതും ഇത് പൊളിയല്ലെന്നു തെളിയിച്ചുകൊണ്ട് മാനുകള്‍ കൂട്ടത്തോടെ മേവുന്നതു കണ്ടു.  ആര്‍ച്ചസ് പാര്‍ക്ക് എത്തുന്നതിനു മുമ്പേ ഹൈവേക്കരികില്‍ അമ്പലം പോലെയും പുരാതനമായ സ്തൂപങ്ങള്‍ പോലെയും ചുവന്ന പാറകള്‍ കാണാം. 

വടക്കെജാലകം

 എഴുപത്തിയാറായിരത്തില്‍പരം  ആര്‍ച്ചുകളാണ് Arches National Park ല്‍ ഉള്ളത്.

ഉയര്‍ന്ന പാറകള്‍ക്കു മുകളില്‍ പൊക്കം കുറഞ്ഞ മരങ്ങളും ചെടികളും വളര്‍ന്നു നില്‍പ്പുണ്ട്.

പാര്‍ക്കിനു അടുത്തെത്താറായപ്പോള്‍  റോഡില്‍ നല്ല തിരക്ക്.  ചൈനീസ് സൂഷി Hampton inn,  Wendy's, Burger King, McDonalds,  Pizza Hut,  Comfort Inn...   വടക്കെ അമേരിക്കയിലെ മിക്കവാറും എല്ലാ  ചെയിന്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇവിടെയുണ്ട്. കെയന്റയില്‍ ഹോട്ടലുകള്‍ കുറവാണ്, അതുകൊണ്ട് വാടക വളരെ  കൂടുതല്‍ കൊടുത്ത് അവിടെ താമസിച്ചത് മണ്ടത്തരമായി തോന്നി. 

മണല്‍ക്കലില്‍ ഈ ആര്‍ച്ചുകള്‍ 
പ്രകൃതി മണല്‍ക്കല്ലില്‍ വാര്‍ത്തെടുത്ത എഴുപത്തിയാറായിരത്തില്‍പരം  ആര്‍ച്ചുകളാണ് Arches National Park ല്‍ ഉള്ളത്. ഇതിന്റെ അടിയിലായി ഉപ്പിന്റെ ഒരു പ്രതലമുണ്ട്. മുപ്പത്‌കോടി വര്‍ഷങ്ങള്‍ക്ക് (300 million years) മുമ്പ് കോളറാഡോ പീഠഭൂമിയെ മൂടിയിരുന്ന സമുദ്രം വറ്റിപ്പോയപ്പോള്‍ ഉണ്ടായതാണ് ആയിരക്കണക്കിന് അടി കനത്തിലുള്ള ഈ ഉപ്പുപ്രതലം.   ഭൂമിക്കടിയിലായിപ്പോയ ഉപ്പുശേഖരങ്ങളും മണ്ണൊലിപ്പും ചേര്‍ന്നുണ്ടായതാണ് ഭീമമായ ഈ കമാനങ്ങളെന്നു (അമിതമായി) ലളിതവല്‍ക്കരിക്കാം.  പതിനായിരം വര്‍ഷങ്ങള്‍ക്കുമുന്‍പേ ഇവിടെ ജനവാസം ഉണ്ടായിരുന്നതിന് തെളിവായി ശിലാലിഖിതങ്ങള്‍ ഇവിടെയുമുണ്ട്.

പ്രധാനമായും കാണേണ്ട ആര്‍ച്ചുകള്‍ മൂന്നെണ്ണമാണ്. തെക്കേജാലകം, വടക്കെജാലകം എന്നു വിളിക്കുന്ന അടുത്തടുത്തുള്ള രണ്ടു ആര്‍ച്ചുകള്‍കണ്ടാല്‍ ഭീമാകാരന്‍ കണ്ണട പോലെയും തോന്നും, അതുകൊണ്ട് ഇതിനു Spectacles എന്നും പേരുണ്ട്.  കാര്‍ പാര്‍ക്കില്‍നിന്നും കുറച്ചൊന്നു നടന്നാല്‍ ഈ വളച്ചുവാതിലുകളില്‍ കൂടി കടന്ന് വരാം. North Window യുടെ ചുവട്ടില്‍ നിന്ന് മുകളിലേക്ക് നോക്കുമ്പോള്‍ ജീവതത്തിന്റെ  മാനങ്ങള്‍ മാറിപ്പോവുന്നത് അറിയാന്‍ കഴിയും. 

Balancing rock

 

എന്തെല്ലാം ആകൃതിയിലാണ് പാറകള്‍! ഒരു ഉണ്ടപ്പാറ താഴെപ്പോവാതെ ബാലന്‍സ് (balancing rock) ചെയ്തു നില്‍ക്കുമ്പോള്‍ കുറെ ആനപ്പാറകള്‍ ഘോഷയാത്ര നടത്തുന്നു.  ചില പാറക്കൂട്ടങ്ങളാണെങ്കില്‍ 'എന്റെ പുറത്തൊന്നു കേറി നോക്ക്യേ, എന്താരസം' എന്ന് ക്ഷണിക്കുന്നു! 
 

ഡെലിക്കേറ്റ് ആര്‍ച്ച്

And on, I'm alive, I'm alive, I'm alive

And I'm loving every second, minute, hour, bigger, better, tsronger, power


ഇരുപതു മീറ്റര്‍ പൊക്കമുള്ള ഡെലിക്കേറ്റ് ആര്‍ച്ച് യൂട്ട സംസ്ഥാനത്തിന്റെ  ചിഹ്നമായി കണ്ടിട്ടുണ്ട്. ലോണ്‍ലി പ്ലാനറ്റിന്റെയും നാഷണല്‍ ജിയോഗ്രാഫിക്കിന്റെയും പേജുകളില്‍ മാത്രമല്ല കാറിന്റെ ലൈസന്‍സ് പ്ലേറ്റിലും സ്റ്റാമ്പിലും പതിഞ്ഞിരിക്കുന്ന ചിത്രമാണ് Delicate archന്റെത്. ഇതിന്റെ അടുത്തെത്താന്‍ കുറച്ചു നടപ്പുണ്ട്. വടക്കെ അറ്റത്തുള്ള ചെകുത്താന്‍ കാട്ടിലാണ് (Devil's Garden)  ഏറ്റവും നീളം കൂടിയ Landscape Arch.  രണ്ടു കിലോമീറ്റര്‍ നടന്നാല്‍ ഇതിന്റെ അരികിലെത്താം. 1991ല്‍ എഴുപതടിയോളം പാറ അടര്‍ന്നു വീണ് ഈ ആര്‍ച്ചിന്റെ നീളം ഒരു ഫുട്‌ബോള്‍ ഫീല്‍ഡിനേക്കാള്‍ വലുതായി.  ചില ഭാഗത്ത് വെറും ആറടിമാത്രം കനമുള്ള ഈ ആര്‍ച്ചിനു ആയുസ്സ് കുറവാണ്, കാറ്റും മഴയും മണ്ണൊലിപ്പും എപ്പോള്‍ വേണമെങ്കിലും ഇതിനെ അടര്‍ത്തി നിലത്തിടാം.

Devil's Garden

എന്തുകൊണ്ടാണ് അരിസോണ ഇത്രയധികം എന്നില്‍ മുദ്രകുത്തിയിരിക്കുന്നത് ?

ഒരു സ്‌നാപ്പ് ഷോട്ടിലും  ഒതുക്കാനാവില്ല അരിസോണയുടെ (യൂട്ടയുടെയും) സൗന്ദര്യവും ഗാംഭീര്യവും എന്ന് മനസ്സ്  തുടരെത്തുടരെ  പറഞ്ഞുകൊണ്ടിരുന്നു  എന്തുകൊണ്ടാണ് അരിസോണ ഇത്രയധികം എന്നില്‍ മുദ്രകുത്തിയിരിക്കുന്നത് എന്നറിയില്ല. കഴിഞ്ഞ ജന്മത്തില്‍ ഇവിടെ ഓന്തോ, പാറയോ, കള്ളിമുള്‍ച്ചെടിയോ ആയി ജീവിച്ചു മതിയാകാതെ പോയ ആത്മാവ് കൂടെ ഉണ്ടാവുമോ?  

യാത്ര അവസാനിപ്പിച്ചതും കസിന്റെ വീട്ടില്‍ത്തന്നെ. യൂട്ടയില്‍ നിന്നും എട്ടു മണിക്കൂര്‍ വണ്ടിയോടിച്ച് പാതിരാത്രിയെത്തിയ ഞങ്ങളെയും കാത്ത് ഉറങ്ങാതെയിരുന്ന ഈ ചേട്ടനും ചേച്ചിയും അരിസോണപോലെ തന്നെ മനസ്സില്‍ പ്രകാശിച്ചു നില്‍ക്കുന്നു. പിറ്റേന്ന് കാലത്തുണര്‍ന്നു കുളിയും കാപ്പികുടിയും കഴിഞ്ഞു ഫീനിക്‌സ് എയര്‍പോര്‍ട്ടിലേക്ക് മടങ്ങി.

മൂവായിരത്തിമുപ്പത് കിലോമീറ്റര്‍ കാഴ്ചകളാണ് ഒരാഴ്ചകൊണ്ടു കണ്ടത്.  വാടകക്കാര്‍ തിരികെ നല്‍കാനുള്ള സൗകര്യം അത്ഭുതകരമായിരുന്നു.  ഹേര്‍ട്ട്‌സിന്റെ  ഏജന്റുകള്‍ നിരയായി നില്‍പ്പുണ്ട്. നമ്മുടെ ഒരു മിനിറ്റുപോലും പാഴാക്കാതെ അവിടെ വെച്ച് തന്നെ വണ്ടി പരിശോധിച്ച് കേടുപാടുകളൊന്നും ഇല്ലെന്നുറപ്പാക്കി കൈയിലിരിക്കുന്ന ചെറിയ പ്രിന്ററില്‍ രസീത് പ്രിന്റു ചെയ്തു തന്ന് മിനിട്ടുകള്‍ക്കകം നമ്മളെ യാത്രയാക്കും.  കസ്റ്റമറുടെ വീടുകളില്‍ പോകുന്ന പുറം ജോലിക്കാര്‍ക്ക് വേണ്ടി ടാബ് ലറ്റും, രണ്ടാം ഭാഗമായി ഇത്തരം പ്രിന്റുകളും നടപ്പാക്കിയ പ്രോജക്ട് ഞാന്‍ ചെയ്തത് അഞ്ചു വര്‍ഷം മുമ്പായിരുന്നു. അത് കഴിഞ്ഞ് ഇപ്പോഴാണ് ഇത്തരം പ്രിന്ററിന്റെ ഉപയോഗം കാണുന്നത്.

തിരിച്ച് ടൊറന്റോയില്‍ വിമാനം താഴുമ്പോള്‍ നഗരത്തിന്റെ മാപ്പ്, വെളിച്ചം കൊണ്ടു വരച്ചിരിക്കുന്നതു കണ്ട്. അതില്‍ മൊട്ടുസൂചി വലിപ്പത്തില്‍ കുഞ്ഞുണ്ണിയും കാറും എയര്‍പ്പോര്‍ട്ടില്‍ ഉണ്ടാവും. മറ്റൊരു മൊട്ടുസൂചിയായി ഉണ്ണിയുടെ മുറിയിലെ വെളിച്ചവും.

യാത്രികരോട്:
ഇവിടേക്ക് യാത്ര പുറപ്പെടുമ്പോള്‍ ഓര്‍ക്കേണ്ടവ: പുറപ്പെടുന്നതിനു മുമ്പ് കാറില്‍ ഗ്യാസലീന്‍ നിറക്കാന്‍ മറക്കരുത്. ചില പാര്‍ക്കുകളിലെക്കുള്ള വഴിയില്‍ കുറെയേറെ ദൂരത്തേക്ക് മനുഷ്യവാസം തന്നെ ഇല്ലാത്ത മട്ടാണ്. ധാരാളം വെള്ളം, അത്യാവശ്യം ഭക്ഷണം എന്നിവയും കരുതുന്നതും നല്ലതാവും.


കടപ്പാട്:
ഗീത ഹിരണ്യന്റെ ഒറ്റസ്‌നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മസത്യം എന്ന തലക്കെട്ടിനോട് 

..............................................................................

ആദ്യ ഭാഗം: ഈ മലകയറിയവരാരും മടങ്ങിവന്നിട്ടില്ല!
രണ്ടാം ഭാഗം: ഇതൊരു സമുദ്രമായിരുന്നു;  തീരമാകെ ദിനോസറുകളും!

മൂന്നാം ഭാഗം: ഈ നദിക്കരയില്‍ ഇരിക്കുമ്പോള്‍ കണ്ണു നിറയുന്നത് എന്തുകൊണ്ടാണ്?

Show Full Article