വാട്ട്‌സാപ്പ് വീഡിയോയിലൂടെ തലാഖ്!
magazine
By Web Desk | 04:54 PM Thursday, 20 April 2017
  • മുത്തലാഖ് വിവാദം കത്തിനില്‍ക്കുന്നതിനിടെ, വാട്ട്‌സാപ്പ് വീഡിയോയിലൂടെ ഒരു തലാഖ്.
  • ഹൈദരാബാദിലാണ് സംഭവം.
  • മൊഴി ചൊല്ലിയതായി അറിയിച്ച് ഭര്‍ത്താവ് വാട്ട്‌സാപ്പ് വീഡിയോ അയച്ചതായാണ് ഒരു യുവതി പരാതി നല്‍കിയത്.

ഹൈദരാബാദ്: മുത്തലാഖ് വിവാദം കത്തിനില്‍ക്കുന്നതിനിടെ, വാട്ട്‌സാപ്പ് വീഡിയോയിലൂടെ ഒരു തലാഖ്. ഹൈദരാബാദിലാണ് സംഭവം. മൊഴി ചൊല്ലിയതായി അറിയിച്ച് ഭര്‍ത്താവ് വാട്ട്‌സാപ്പ് വീഡിയോ അയച്ചതായാണ് ഒരു യുവതി പരാതി നല്‍കിയത്. നല്ല മറ്റൊരു വരനെ കിട്ടുമെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളും കൈയൊഴിഞ്ഞതായി  പരാതിയില്‍ പറയുന്നു. 

സൗദി അറേബ്യയിലെ റിയാദില്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ സോഫ്റ്റ്‌വെയര്‍ അനലിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന മുദസ്സിര്‍ അഹമ്മദ് ഖാനാണ് വാട്ട്‌സാപ്പിലൂടെ മൊഴി ചൊല്ലിയതെന്ന് ഭാര്യ ബദര്‍ ഇബ്രാഹിം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് എം.ബി.എ ബിരുദധാരിയായ ബദറിനെ മുദസിര്‍ വിവാഹം ചെയ്തത്. 20 ദിവസത്തിനു ശേഷം മുദസിര്‍ സൗദിയിലേക്ക് പോയി. അതിനു ശേഷം പതിവായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബദര്‍ പറയുന്നു. അതിനിടെയാണ് മൊഴി ചൊല്ലിയതായി വാട്ട്‌സാപ്പ് വീഡിയോ വന്നത്. 

തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ പോയെങ്കിലും മകന്‍ വിവാഹമോചനം ചെയ്തതായി പറഞ്ഞ് വീട്ടില്‍ കയറ്റാന്‍ പോലും സമ്മതിച്ചില്ലെന്ന് ബദര്‍ പറയുന്നു. നല്ല മറ്റൊരു ഭര്‍ത്താവിനെ കിട്ടുമെന്നാണ് ഭര്‍തൃപിതാവ് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. അതിനു ശേഷം, തലാഖ് രേഖകളുമായി വക്കീല്‍ നോട്ടീസും അയച്ചതായി ബദര്‍ പറയുന്നു.
 

Show Full Article