ഇങ്ങനെയും ഒരു ബാങ്കുണ്ട്; മിനിമം ബാലന്‍സ് 50 രൂപ; എടിഎമ്മിലൂടെ എത്ര തവണയും സൗജന്യമായി പണമെടുക്കാം
money
By Web Desk | 01:20 PM Friday, 17 March 2017

ഏത് ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ നിന്നും പിഴ കൂടാതെ എത്ര തവണ വേണമെങ്കിലും പണമെടുക്കാം എന്നതാണ് തപാല്‍ എ.ടി.എമ്മിന്റെ പ്രത്യേകത.

എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാനും നേരിട്ടുള്ള ഇടപാടുകള്‍ക്കും വരെ ബാങ്കുകള്‍ വന്‍തോതില്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ തുടങ്ങിയതോടെ തപാല്‍ സേവിങ്സ് അക്കൗണ്ടും എ.ടി.എം സേവനവും ജനപ്രിയമാകുന്നു. ഏത് ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ നിന്നും പിഴ കൂടാതെ എത്ര തവണ വേണമെങ്കിലും പണമെടുക്കാം എന്നതാണ് തപാല്‍ എ.ടി.എമ്മിന്റെ പ്രത്യേകത. മിനിമം ബാലന്‍സായി തപാല്‍ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടത് 50 രൂപ മാത്രമാണ്.

വിവര കൈമാറ്റത്തിലെ വിപ്ലവം ബാങ്കിങ് രംഗത്തും നടപ്പാക്കാനൊരുങ്ങുകയാണ് തപാല്‍ വകുപ്പ്. ഇതിനായി സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ലളിതമാക്കി. പോസ്റ്റ് ഓഫീസിലെത്തി രേഖകള്‍ പൂരിപ്പിച്ച് നല്‍കിയാല്‍ അഞ്ച് മിനിറ്റിനകം എസ്.ബി അക്കൗണ്ട് തുറക്കാം. എ.ടി.എം കാര്‍ഡ് അപ്പോള്‍ തന്നെ ലഭിക്കും. ഇത് ഉപയോഗിച്ച് ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും പണമെടുക്കാം. മറ്റ് ബാങ്കുകളുടെ എ.ടി.എം കാ‍ര്‍ഡ് മാസത്തില്‍ അഞ്ചുതവണയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ പിന്നീടുള്ള ഓരോ ഇടപാടിനും ഉപഭോക്താവിന് 20 രൂപയിലധികം നഷ്‌ടപ്പെടും. എന്നാല്‍ തപാല്‍ വകുപ്പിന്‍റെ എം.ടി.എം കാര്‍ഡ് എത്ര തവണ വേണമെങ്കിലും ഒരു പൈസ പോലും അധിക ചാര്‍ജ്ജ് നല്‍കാതെ ഉപയോഗിക്കാം.

സാധാരണ ബാങ്കുകള്‍ അക്കൗണ്ടില്‍ 1000 രൂപ നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുമ്പോള്‍ തപാല്‍ അക്കൗണ്ടില്‍ വേണ്ട മിനിമം ബാലന്‍സ് 50 രൂപയാണ്. ചെക്ക്ബുക്ക് ലഭിക്കണമെങ്കില്‍ മിനിമം ബാലന്‍സ് തുക 500 രൂപയാകും. രണ്ട് മാസത്തിനകം ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം കൂടി ആരംഭിക്കുന്നതോടെ വായ്പ ഒഴിച്ചുള്ള സേവനങ്ങളെല്ലാം തപാല്‍ വകുപ്പില്‍ നിന്ന് ലഭിക്കും. രാജ്യത്ത് ഒന്നര ലക്ഷം പോസ്റ്റോഫീസുകളാണുള്ളത്. ബാങ്കിങ് നടപടികള്‍ തപാല്‍ വകുപ്പ് പൂര്‍ത്തിയാക്കിയാല്‍ സാധാരണക്കാരിലേക്ക് എളുപ്പത്തില്‍ ബാങ്കിങ് സേവനങ്ങള്‍ എത്തിക്കാമെന്ന് സര്‍ക്കാരും കണക്കുകൂട്ടുന്നു.

Show Full Article
COMMENTS

Currently displaying comments and replies