പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാനുള്ള നീക്കം ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍
money

പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാനുള്ള നീക്കം ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍

By Web Desk | 10:11 PM Wednesday, 19 April 2017

ഡീലര്‍മാരുടെ കമ്മീഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം എണ്ണക്കമ്പനികള്‍ അംഗീകരിക്കാത്തതാണ് തീരുമാനത്തിന് പിന്നില്‍.

ദില്ലി: മേയ് 14 മുതല്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാനുള്ള ഉടമകളുടെ തീരുമാനം അവശ്യ വസ്തു നിയമപ്രകാരം നേരിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പമ്പുകള്‍ ഞായറാഴ്ച തുറക്കേണ്ടതില്ലെന്ന് പമ്പുടമകളുടെ സംഘടന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ധനം ലാഭിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ചാണ് പമ്പുകള്‍ അടച്ചിടുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നുണ്ടെങ്കിലും ഡീലര്‍മാരുടെ കമ്മീഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം എണ്ണക്കമ്പനികള്‍ അംഗീകരിക്കാത്തതാണ് തീരുമാനത്തിന് പിന്നില്‍.

എന്നാല്‍ പമ്പുടമകളുടെ സംഘടന ഇത്തരത്തിലൊരു തീരുമാനമെടുത്തത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ പ്രതികരിച്ചു. അവശ്യ വസ്തു നിയമപ്രകാരം വിതരണം തടസ്സപ്പെടുത്താനാവാത്തവയാണ് രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍. പമ്പുടമകളുടെ തീരുമാനം എങ്ങനെയാണ് നടപ്പാക്കുകയെന്ന് നിരീക്ഷിച്ച ശേഷം നിയമപ്രകാരം ശക്തമായ നടപടികളെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Show Full Article