വായ്പാ പലിശ നിരക്കും സിബില്‍ സ്കോര്‍ അടിസ്ഥാനത്തിലാക്കാനൊരുങ്ങി ബാങ്കുകള്‍
money
By Web Desk | 12:57 PM January 11, 2017

കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട സിബില്‍ സ്കോറുകളുള്ളവര്‍ക്ക് വായ്പ ലഭിക്കുമെന്നതാണ് ഗുണം

മുംബൈ: വായ്പകള്‍ക്ക് എത്ര ശതമാനം പലിശ ഈടാക്കണമെന്ന് തീരുമാനിക്കാനും ബാങ്കുകള്‍ ഇനി സിബില്‍ സ്കോര്‍ പരിശോധിക്കും. മുമ്പ് എടുത്തിട്ടുള്ള ലോണുകളുടെ തിരിച്ചടവ് എങ്ങനെയായിരുന്നെന്ന് പരിശോധിച്ച ശേഷം പുതിയ ലോണുകളിലെ പലിശ നിരക്ക് തീരുമാനിക്കുന്ന തരത്തിലേക്ക് മാറാനാണ് ബാങ്കുകളുടെ നീക്കം. 

ബാങ്ക് ഓഫ് ബറോഡയാണ് ഇത്തരമൊരു സംവിധാനം രാജ്യത്ത് ആദ്യമായി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ബാങ്കില്‍ നിന്ന് ഭവന വായ്പകളെടുക്കുന്നവര്‍ക്ക് അവരുടെ സ്വഭാവം നോക്കിയാവും ബാങ്ക് ഓഫ് ബറോഡ, പലിശ നിശ്ചയിക്കുന്നത്. സിബില്‍ സ്കോര്‍ 760ന് മുകളില്‍ ഉള്ളവരില്‍ നിന്ന് കുറഞ്ഞ പലിശയായ 8.35 ശതമാനമായിരിക്കും ഈടാക്കുക. 725 മുതല്‍ 759 വരെ സ്കോറുള്ളവര്‍ 8.85 ശതമാനം പലിശ നല്‍കേണ്ടിവരും. 724 പോയിന്റില്‍ കുറഞ്ഞ സ്കോറുള്ളവരില്‍ നിന്ന് 9.35 ശതമാനം പലിശ ഈടാക്കാനാണ് ബാങ്കിന്റെ തീരുമാനം. ഇതുവരെ മറ്റ് വായ്പകളൊന്നും എടുക്കാത്തതിനാല്‍ സിബില്‍ സ്കോര്‍ ഇല്ലാത്ത ഉപഭോക്താക്കളില്‍ നിന്ന് 8.85 ശതമാനം പലിശ ഈടാക്കാനാണ് ബാങ്കിന്റെ തീരുമാനം. വായ്പാ തുകയോ കാലാവധിയോ നോക്കാതെയായിരിക്കും ഈ നിരക്കില്‍ വായ്പ അനുവദിക്കുക. നല്ല രീതിയില്‍ വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് അതനുസരിച്ച് മെച്ചപ്പെട്ട സേവനം നല്‍കാനാണ് ബാങ്ക് ഓഫ് ബറോഡ ലക്ഷ്യമിടുന്നതെന്ന് ഉന്നത ഉദ്ദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8.65ഉം ഐ.സി.ഐ.സി.ഐ ബാങ്ക് 8.70 ശതമാനവുമാണ് ഭവന വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട സിബില്‍ സ്കോറുകളുള്ളവര്‍ക്ക് വായ്പ ലഭിക്കുമെന്നതാണ് ഗുണം. നിലവിലെ രീതി അനുസരിച്ച് വായ്പയും ക്രെ‍ഡിറ്റ് കാര്‍ഡും വാങ്ങുന്ന എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ക്രെഡിറ്റ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന് ബ്യൂറോ ഓഫ് ഇന്ത്യ (സിബില്‍)ക്ക് കൈമാറും. ഇതിന്റെ തിരിച്ചടവ് എപ്രകാരമെന്ന് നോക്കിയായിരിക്കും സിബില്‍ സ്കോറുകള്‍ കണക്കാക്കപ്പെടുന്നത്. മറ്റ് ബാങ്കുകളും വൈകാതെ ഈ രീതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Show Full Article
RECOMMENDED