സിനിമ: പിറവിയും പരീക്ഷണങ്ങളും


1895ലാണ് സിനിമ പിറന്നതെങ്കിലും അതിന്റെ വേരുകള്‍ പതിനഞ്ചാം നൂറ്റാണ്ടിലോളം നീളുന്നതാണ്. നവോത്ഥാനത്തിന്റെ കുഞ്ഞാണത്. ഇറ്റലിയില്‍ 14-ാം നൂറ്റാണ്ടില്‍ ആരംഭിച്ച് 15, 16 നൂറ്റാണ്ടുകളില്‍...

ജിനേഷ് കുമാര്‍ എരമം

1895ലാണ് സിനിമ പിറന്നതെങ്കിലും അതിന്റെ വേരുകള്‍ പതിനഞ്ചാം നൂറ്റാണ്ടിലോളം നീളുന്നതാണ്. നവോത്ഥാനത്തിന്റെ കുഞ്ഞാണത്. ഇറ്റലിയില്‍ 14-ാം നൂറ്റാണ്ടില്‍ ആരംഭിച്ച് 15, 16 നൂറ്റാണ്ടുകളില്‍ വളര്‍ന്നുവന്ന കലാസാഹിത്യരംഗങ്ങളിലെ പുതിയ ഉണര്‍വിനെയാണല്ലോ നവോത്ഥാനം എന്ന് വിളിക്കുന്നത്. യൂറോപ്യന്‍ നവോത്ഥാന ചലനങ്ങള്‍ ആദ്യം പ്രകടമായത് കലകളിലും സാഹിത്യത്തിലും യൂറോപ്യന്‍ ഭാഷകളുടെ രൂപീകരണത്തിലുമാണ്. ശാസ്ത്രവും ഇക്കാലത്ത് പുതിയൊരു കുതിപ്പുതേടി. കലയുംശാസ്ത്രവും തമ്മില്‍ മുമ്പൊരിക്കലുമില്ലാത്ത വിധം ബന്ധമുണ്ടായി. 1609ല്‍ ഗലീലിയോ ഗലീലി ലെന്‍സുകളുപയോഗിച്ച് ദൂരദര്‍ശിനിയുണ്ടാക്കി. ലെന്‍സുകളില്‍ നടന്ന പരീക്ഷണമാണ് പിന്നീട് ക്യാമറാ ലെന്‍സുകള്‍ വികസിപ്പിക്കുന്നതിലെത്തിയത്. 1826ല്‍ നീസേഫോര്‍ നീപ്സ് എന്ന ഫ്രഞ്ചുകാരന്‍ നിശ്ചലഛായാഗ്രഹണം യാഥാര്‍ത്ഥ്യമാക്കി. ലൂയിദ്വഗാരെ ഇതിനെ വികസിപ്പിച്ചു. 1888ല്‍ ജോര്‍ജ് ഈസ്റ്മാന്‍ പെട്ടി ക്യാമറകളും ഫിലിമുകളും ഉല്‍പ്പാദിപ്പിച്ചു. 'പ്രകാശം കൊണ്ടെഴുതുന്ന' ഫോട്ടോഗ്രാഫിയില്‍ നിന്ന് ചലനം കൊണ്ടെഴുതുന്ന സിനിമാറ്റോഗ്രഫിയിലേക്ക് ശാസ്ത്രം അതിവേഗം വളര്‍ന്നു.

ചില്ലുകളില്‍ ചിത്രം വരച്ച് കണ്ണാടിക്കൂട്ടിനുള്ളിലെ സിലിണ്ടറില്‍ സ്ഥാപിച്ച് കറക്കി ചലനപ്രതീതിയുണ്ടാക്കുന്ന 'മാജിക് ലാന്റേണ്‍' എന്ന ഉപകരണം 1660ല്‍ത്തന്നെ ഡച്ചുകാരനായ കൃസ്ത്യന്‍ ഹ്യൂഗ്സ് രൂപകല്‍പ്പന ചെയ്തിരുന്നു. 1824ല്‍ ഇംഗ്ളണ്ടിലെ റോയല്‍ സൊസൈറ്റി അംഗങ്ങളുടെ ഒരു സമ്മേളനത്തില്‍ പീറ്റര്‍ മാര്‍ക്ക്
റോജറ്റ് അവതരിപ്പിച്ച പ്രബന്ധം പുതിയ ലോകത്തിലേക്ക് വാതില്‍ തുറക്കുന്നതായിരുന്നു. ചലിക്കുന്ന വസ്തുക്കള്‍ മനുഷ്യന്റെ ദൃഷ്ടിപഥത്തില്‍ അല്‍പനേരം തങ്ങിനില്‍ക്കുന്നു എന്നദേഹം കണ്ടെത്തി. ചിത്രങ്ങളെ ചലിക്കുന്നതായി തോന്നിക്കുന്ന ഈ മിഥ്യാബോധത്തെയാണ് 'കാഴ്ചയുടെ നൈരന്തര്യം'  എന്ന് റോജറ്റ് വിശേഷിപ്പിച്ചത്. ഇതിനെ അടിസ്ഥാനമാക്കിയായി തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍. 1849ല്‍ വില്യം ഫ്രീഡ്ഗ്രീന്‍ സിനിമാറ്റോഗ്രാഫി എന്ന പേരില്‍ ഒരുപകരണം കണ്ടുപിടിച്ചു. 1860ല്‍ഫിലാഡല്‍ഫിയക്കാരനായ കോള്‍മാന്‍ സെല്ലേഴ്സ് ക്ളിനമാട്ടോസ്കോപ്പ് രൂപകല്‍പ്പന ചെയ്തു. അമേരിക്കക്കാരനായ എഡിസണാകട്ടെ നൈട്രോസെല്ലുലോസ് എന്ന പദാര്‍ത്ഥം ഉപയോഗിച്ച് ഫിലിം നിര്‍മ്മിക്കുകയും ഇതുപയോഗിച്ച് ചിത്രീകരിച്ച ഏതാനും ദൃശ്യങ്ങള്‍ കിനറ്റോസ്കോപ്പ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ന്യൂജഴ്സിയിലെ വെസ്റ് ഓറഞ്ച് എന്ന സ്ഥലത്തായിരുന്നു 1889 ഒക്ടോബര്‍ ആറിന് ആ പ്രദര്‍ശനം. വൈകാതെ കിനറ്റോഗ്രാഫും എഡിസണ്‍ രൂപകല്‍പ്പന ചെയ്തു. ബ്ളാക് മറിയ എന്ന തന്റെ സ്റുഡിയോയില്‍ ഈ ഉപകരണങ്ങള്‍ കൊണ്ട് അദേഹം ചിത്രം നിര്‍മ്മിക്കാനും പ്രദര്‍ശിപ്പിക്കാനും തുടങ്ങി. സ്റുഡിയോയില്‍ മെക്കാനിക്കായിരുന്ന ഫ്രെഡ് ഓട്സിന്റെ തുമ്മലാണ് ആദ്യം ചിത്രീകരിച്ചത്.

1895 ഡിസംബര്‍ 28ന് പാരീസിലെ ഗ്രാന്റ് കഫേ ഹാളില്‍ ലൂമിയര്‍ സഹോദരന്‍മാര്‍ പ്രദര്‍ശിപ്പിച്ച ലഘുചിത്രങ്ങളെയാണ് ആദ്യത്തെ ചലച്ചിത്രമായി ലോകം അംഗീകരിക്കുന്നത്. ഫാക്ടറി വിട്ടു പുറത്തുവരുന്ന തൊഴിലാളികള്‍, സ്റേഷനില്‍ വന്നുനില്‍ക്കുന്ന തീവണ്ടി തുടങ്ങിയവയായിരുന്നു ചിത്രങ്ങള്‍. നവോത്ഥാനത്തില്‍
നിന്ന് ബീജം ധരിച്ച സിനിമ തുടര്‍ന്ന് സാര്‍വദേശീയമായി വളരുകയായിരുന്നു. ലൂമിയര്‍ സഹോദരന്‍മാരുടെ വൈയക്തിക പ്രയത്നത്തിന്റെ ഉല്‍പന്നം എന്ന നില വൈകാതെ മാറി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ സിനിമ കലയായും വ്യവസായമായും വളര്‍ന്നു തുടങ്ങി. ആദ്യമൊക്കെ മറ്റുകലാപരിപാടികള്‍ നടക്കുന്ന ഇടങ്ങളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. അമേരിക്കയില്‍ ഒരു നിക്കല്‍ ആയിരുന്നു ടിക്കറ്റ് ചാര്‍ ജായി ഏര്‍പ്പെടുത്തിയത്. വൈകാതെ സിനിമാ തിയേറ്ററുകള്‍ക്ക് ' നിക്കലോഡിയോന്‍'എന്ന പേര് വീണു. ഗുസ്തിമല്‍സരവും, നൃത്തവും, കാറോട്ടങ്ങളുമെല്ലാം കണ്ട് പ്രേക്ഷകര്‍ മടുത്തപ്പോഴാണ് പുതിയ പരീക്ഷണവുമായി ജോര്‍ജസ് മിലിയേ വന്നത്. മന്ദ്രയാത്ര പോലെ കഥയുള്ള ചിത്രങ്ങള്‍ അദേഹം കൊണ്ടുവന്നു. ന്യൂയോര്‍ക്കില്‍ സ്റുഡിയോ സ്ഥാപിച്ച് സിനിമ കുത്തകയാക്കിയ എഡ്വിന്‍ വെല്ലുവിളിയുയര്‍ത്തി പുതിയ ചലച്ചിത്രകാരന്‍മാര്‍ രംഗത്തുവന്നു. 1903ല്‍ ചിത്ര സംയോജനം (ലറശശിേഴ)എന്ന വിദ്യയുമായി എത്തിയ
എഡിറ്റര്‍ എസ് പോര്‍ട്ടര്‍ 'ചലച്ചിത്ര സന്നിവേശത്തിന്റെ പിതാവ്' എന്ന ബഹുമതിക്കര്‍ഹനായി. പോര്‍ട്ടറുടെ 'ദഗ്രേറ്റ് ട്രെയിന്‍ റോബറി' ശ്രദ്ധേയമായി.

അമേരിക്കക്കാരനായ ഡേവിഡ് വാര്‍ക്ക് ഗ്രിഫിത്താണ്, സിനിമയ്ക്ക് മൌലികമായൊരു ഭാഷയുംവ്യാകരണവും ഉണ്ടെന്ന് തെളിയിച്ചത്. ഇന്ന് ഏത് സിനിമയിലും സാധാരണമായ സമീപദൃശ്യം, മധ്യദൃശ്യം, വിദൂരദൃശ്യം തുടങ്ങിയവ ആദ്യം പരീക്ഷിച്ചത് അദേഹമാണ്.

1916ല്‍ ഗ്രിഫിത്ത് നിര്‍മ്മിച്ച 'ഇന്‍ടോളറന്‍സ്' ലോക സിനിമയിലെ ക്ളാസിക്കുകളിലൊന്നാണ്. ആദിമധ്യാന്തപ്പൊരുത്തമുള്ള കഥയല്ല ഇതിലുള്ളത്. ചരിത്രത്തില്‍ അസഹിഷ്ണുതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന ഏതാനും സംഭവങ്ങള്‍ തിരഞ്ഞെടുത്ത് ആവിഷ്കരിക്കുകയാണ്. ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന ചിത്രത്തിലൂടെയാകട്ടെ ഇന്റര്‍കട്ടിങ്ങ്, ക്രോസ് കട്ടിങ്ങ് തുടങ്ങിയ സങ്കേതങ്ങളുടെ കലാസാധ്യത വികസിപ്പിക്കുകയായിരുന്നു അദ്ദേഹം. 'ഇന്‍ടോളറന്‍സ്' (1916) റഷ്യയില്‍ തുടര്‍ച്ചയായി പത്തുവര്‍ഷം ഓടിയതുകണ്ട് സിനിമാലോകം അത്ഭുതപ്പെട്ടു. സെര്‍ഗി ഐസന്‍സ്റീന്‍, പുഡോവ്കിന്‍ തുടങ്ങിയ റഷ്യക്കാരെ സിനിമയിലേക്കാ കര്‍ഷിക്കാന്‍ ഇതിന് കഴിഞ്ഞു. ഇരുവരും വികസിപ്പിച്ചെടുത്ത മൊണ്ടാഷ് സിദ്ധാന്തത്തിന്റെ വേരുകള്‍ ഗ്രിഫിത്ത് ചിത്രങ്ങളിലാണ്. ഗ്രാഫിത്തിന്റെ പരീക്ഷണ വ്യഗ്രത ഇവരെ നന്നേ സ്വാധീനിച്ചു. ടോള്‍സ്റോയിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന നോവലിനെ 10 മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള സിനിമയാക്കാന്‍ വരെ ഗ്രിഫിത്ത് തയ്യാറായി.

പാരീസില്‍ ഉദയം ചെയ്ത ഫ്യൂച്ചറിസ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനത്തിലായിരുന്നു റഷ്യന്‍ ചലച്ചിത്രകാരന്‍മാര്‍. വ്യവസായ യുഗത്തില്‍ ചതഞ്ഞരയുന്ന മനുഷ്യത്വത്തെ വീണ്ടെടുക്കാനുള്ള ആഹ്വാനമായിരുന്നു ഫ്യൂച്ചറിസം. വിപ്ളവാനന്തരം സിനിമയെ സര്‍വതോമുഖമായി വളര്‍ത്തിയെടുക്കുക എന്ന കാഴ്ചപ്പാടോടെ ലെനിന്‍ സിനിമയെ ദേശസാല്‍ക്കരിച്ചു. സിനിമാറ്റോഗ്രാഫി സ്കൂളുകള്‍ സ്ഥാപിച്ച് ലൂനാര്‍ചാര്‍സ്കിയെ മേധാവിയാക്കി. ലെനിന്റെ ഈ ദീര്‍ഘവീക്ഷണമാണ് റഷ്യയെ ചലച്ചിത്ര ഭൂപടത്തിലെ തിളക്കമുള്ള ഇടമാക്കിമാറ്റിയത്. ലെവ്കുളഷോവ്, പുഡോവ്കിന്‍, സെര്‍ഗിഐസന്‍സ്റൈന്‍- പ്രതിഭകളുടെ നീണ്ട നിര തന്നെ റഷ്യയില്‍ നിന്നുണ്ടായി. എഡിറ്റിങ്ങില്‍ അത്ഭുതകരമായ പരീക്ഷണങ്ങള്‍ നടത്തി മൊണ്ടാഷ് സിദ്ധാന്തത്തിന് രൂപം നല്‍കി. കലയിലെ വൈകാരികാംശം പരിഗണിക്കാത്ത വെറും എഞ്ചിനീയറിങ്ങാണ് മൊണ്ടാഷെന്ന വിമര്‍ശനമൊക്കെ ഉയര്‍ന്നിരുന്നെങ്കിലും സിനിമാചരിത്രത്തില്‍ മൊണ്ടാഷ് ഉണ്ടാക്കിയ ചലനം നിസ്സാരമല്ല. ഇന്നും പരസ്യ ചിത്രങ്ങളില്‍ മൊണ്ടാഷ് തന്നെയാണ് മുഖ്യമായും ഉപയോഗിക്കുന്നത്.

ഇന്ന് അമേരിക്കയാണ് സിനിമാ വ്യവസായത്തിന്റെ കേന്ദ്രമെങ്കിലും ഒരുകാലത്ത് അത് ഫ്രാന്‍സായിരുന്നു. സിനിമയുടെ ഉത്ഭവം തന്നെ പാരീസിലായിരുന്നല്ലോ. ചാള്‍സ് പാഥേ എന്ന കോടീശ്വരന്‍ ഫ്രഞ്ച് സിനിമയെ വന്‍ വ്യവസായമാക്കിത്തന്നെ മാറ്റുകയുണ്ടായി. ഒന്നാം ലോക മഹായുദ്ധം കഴിയുമ്പോഴേക്കും അമേരിക്ക
മുന്‍പന്തിയിലേക്ക് വന്നുതുടങ്ങി. 1928 ഓടെ ഹോളിവുഡ് ലോക സിനിമയുടെ തലസ്ഥാനമെന്ന പദവിയിലേക്കുയര്‍ന്നു. എങ്കിലും കലാസിനിമയിലെ പരീക്ഷണങ്ങളില്‍ മിക്കതും അരങ്ങേറിയത് ഫ്രാന്‍സില്‍ തന്നെ. ഇറ്റലിയും, ജര്‍മ്മനിയും ഒപ്പം നിന്നു. ചിത്രകലയുടെ കേന്ദ്രവും പാരീസ് ആയിരുന്നു. വാസ്തവത്തില്‍ ചിത്രകലയില്‍ നിന്നാണ് പല പുതിയ പരീക്ഷണങ്ങളും സിനിമയിലേക്ക് വന്നത്.

ചലച്ചിത്ര ചരിത്രത്തില്‍ പ്രസ്ഥാനങ്ങള്‍ പലതും വന്നുപോയിട്ടുണ്ട്. വ്യക്തിഗതമായ പരീക്ഷണങ്ങള്‍ മാത്രമായിരുന്നില്ല അവ. മൂലധനത്തിന്റെ കലയായ സിനിമയെ എങ്ങനെ സാമൂഹ്യബന്ധവും പ്രതിബദ്ധതയുമുള്ളതാക്കി മാറ്റാം എന്ന അന്വേഷണത്തിന്റെ ഉല്‍പ്പന്നമായിരുന്നു. ഫാസിസ്റുകളാണ് ഒരുപക്ഷെ സിനിമയെന്ന മാധ്യമത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടാവുക. 1932ല്‍ വെനീസ് ചലച്ചിത്രമേള ആരംഭിച്ചത് തന്നെ മുസോളിനിയുടെ താല്‍പ്പര്യപ്രകാരമാണ്. ഇറ്റലിയും, ജര്‍മ്മനിയും സമ്മാനങ്ങളൊക്കെ വാരിക്കൊണ്ടുപോയപ്പോള്‍ ഫാസിസ്റ് കൌശലം തിരിച്ചറിഞ്ഞ ഫ്രാന്‍സ് ബദല്‍ ചലച്ചിത്രമേള ആരംഭിച്ചു. അതാണ് പിന്നീട് പ്രശസ്തമായ കാന്‍മേള. ധാരാളിത്തത്തിന്റെ പിടിയില്‍നിന്നും കുതറിമാറി ചുരുങ്ങിയ ചെലവില്‍ എങ്ങനെ സിനിമയുണ്ടാക്കാം എന്ന വെല്ലുവിളി ഏറ്റെടുത്ത പ്രതിഭാശാലികള്‍ മിക്ക രാജ്യങ്ങളിലുമുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രസ്ഥാനമായിത്തന്നെ അവ മാറി. നിശ്ശബ്ദസിനിമാക്കാലത്തെ ശ്രദ്ധേയമായ പരീക്ഷണപ്രസ്ഥാനമായിരുന്നു മൊണ്ടാഷ് എന്നതുപോലെ എക്സ്പ്രഷണിസവും.

ജര്‍മ്മനിയാണ് എക്സ്പ്രഷണിസ്റ് സിനിമയുടെ ഈറ്റില്ലം. എക്സ്പ്രഷണിസ് ചിത്രങ്ങളുടെ ചരിത്രപശ്ചാത്തലവും രാഷ്ട്രീയവും സൌന്ദര്യവുമൊക്കെ ആഴത്തില്‍ പഠിക്കുന്ന ഗ്രന്ഥങ്ങളാണ് ലോട്ട് എച്ച് ഐസനറുടെ , ദ ഹോണ്ടഡ് സ്ക്രീന്‍, സിഗ്ഫ്രൈഡ് കോക്കറുടെ  ഫ്രം കാലിഗരി റ്റു ഹിറ്റ്ലര്‍ എന്നിവ. ചിത്രകലയില്‍ നിന്നാണ് സംഗീതം, നാടകം, വാസ്തുശില്പം, സിനിമ തുടങ്ങിയവയിലേക്ക് എക്സ്പ്രഷണിസം കടന്നുവന്നത്. ഇംപ്രഷണിസത്തോടുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് ചിത്രകലയില്‍ ഇത് ഉരുത്തിരുഞ്ഞുവന്നത്. ക്ളൂദ് മോനെ , പിയറി അഗസ്റെ റിനോയര്‍ തുടങ്ങിയവരിലൂടെ ഇംപ്രഷണിസം മഹാപ്രസ്ഥാനമായി വളര്‍ന്ന കാലമായിരുന്നു അത്. ഫോട്ടോയെടുത്തപോലുള്ള പ്രകൃതിദൃശ്യങ്ങളാണ് ഇവര്‍ ക്യാന്‍വാസില്‍ രൂപപ്പെടുത്തിയത്. ലോകത്തിന്റെ അതേപടിയുള്ള പ്രതിഫലനങ്ങള്‍.

എന്നാല്‍, ലോകത്തെ തനതുരൂപത്തെ പ്രതിനിധാനം ചെയ്യാനുള്ള ആഹ്വാനത്തെ എക്സ്പ്രഷണിസ്റുകള്‍ തള്ളിക്കളഞ്ഞു. എഡ്വേഡ്മങ്കിന്റെ  നിലവിളി എന്ന ചിത്രം എക്സ്പ്രഷണിസത്തിന്റെ ഉജ്വലപ്രകടനമായി. ഒരാള്‍ നിലവിളിക്കുന്ന ദൃശ്യം വെറുതെ അവതരിപ്പിക്കുകയല്ല മങ്ക് ചെയ്തത്, അയാളുടെ ഇരുണ്ട പശ്ചാത്തലത്തിലൂടെ ആത്മസംഘര്‍ഷവും അന്യവല്‍ക്കരണവും വിഭ്രാന്തിയുമൊക്കെ ആവിഷ്കരിക്കുകയാണ്. യഥാതഥമല്ലാത്ത ശൈലിയില്‍ ആന്തരികാനുഭവങ്ങള്‍ ആവിഷ്ക്കരിക്കുക എന്നതാണ് എക്സ്പ്രഷണിസത്തിന്റെ ഏറ്റവും വലിയ സവിശേഷത. വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തിനുപകരം വസ്തുതകളും സംഭവങ്ങളും നമ്മുടെ മനസ്സില്‍ ഉണര്‍ത്തുന്ന വികാരത്തിന്റെ ആത്മനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളാണതില്‍ പ്രധാനം. പുറമെ കാണുന്നതിനെയല്ല ഒരു പ്രതിഭാസത്തിന്റെ അന്തഃസത്തയെയാണത് പ്രകാശിപ്പിക്കുന്നത്.സവിശേഷമായൊരു ചരിത്ര, രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഈ കലാപ്രസ്ഥാനം രൂപംകൊള്ളുന്നത്. 1871ല്‍ ജര്‍മ്മനി ഏകീകരിച്ച് ഒരു സാമ്രാജ്യമായി. കൈസറുമായി ബന്ധപ്പെടുത്തി ആകാലത്തെ 'വില്‍ഹെല്‍മിനിസം' എന്നാണ് വിളിച്ചിരുന്നത്. തുടര്‍ന്ന് രാജ്യത്തുണ്ടായ സംഘര്‍ഷങ്ങളും ധര്‍മ്മസങ്കടങ്ങളും വ്യക്തികള്‍ അനുഭവിച്ച അന്യവല്‍ക്കരണവും പുതിയൊരു ലോകവീക്ഷണമായി മാറ്റുകയാണുണ്ടായത്. 1905ല്‍ എറിക്ക് ഹെക്കല്‍ എന്ന ചിത്രകാരന്റെ പണിപ്പുരയില്‍ ഒത്തുകൂടിയ ഒരു സംഘം കലാകാരന്മാരാണ്എക്സ്പ്രഷണിസ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. സ്റുഡിയോയില്‍ ആവശ്യമുള്ള ഉപകരണങ്ങള്‍ സ്വയംനിര്‍മ്മിച്ചും ചുമര്‍ചിത്രങ്ങള്‍ വരച്ചും ഇവര്‍ പുതിയ പ്രസ്ഥാനം പ്രയോഗത്തില്‍ കൊണ്ടുവന്നു. പ്രകൃതിവാദത്തെ (തുറന്നെതിര്‍ത്തു. അസ്വസ്ഥമാക്കുന്ന പ്രതീകങ്ങളോടും കടുംചായങ്ങളോടും അമിതതാല്‍പര്യം പ്രകടിപ്പിച്ചു. വികാരത്തിന്റെ അസംസ്കൃതരൂപത്തെ ആവിഷ്കരിക്കുന്നതിനായി വസ്തുവിന്യാസം ,പ്രതിനിധാനം എന്നിവയുടെ പരമ്പരാഗത നിയമങ്ങളെയെല്ലാം ലംഘിച്ചു.

നാട്ടിന്‍പുറഭൂഭാഗഭംഗി ചിത്രീകരണത്തില്‍ നിന്ന് പുതിയ കലാകാരന്മാര്‍ പിന്‍മാറി. പകരം പേടിസ്വപ്നങ്ങളെയും കാളരാത്രികളെയും കൊണ്ട് ചിത്രസ്ഥലം നിറച്ചു. നാഗരികത അവസാനിച്ചെന്ന തോന്നലുണ്ടായി. മരണത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപങ്ങള്‍ ക്യാന്‍വാസ് ഭരിച്ചു. നേരിട്ടനുഭവിക്കാന്‍ കഴിയുന്നതും നിരീക്ഷണവിധേയവു
മായ പ്രതിഭാസങ്ങള്‍ക്കുമാത്രമേ നിലനില്‍പ്പുള്ളൂ എന്ന് വാദിക്കുന്ന പ്രത്യക്ഷവാദത്തെ ഇത് വെല്ലുവിളിച്ചു.

ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് പൊടുന്നനെയുള്ള ആരോഹണാവരോഹണങ്ങളായാണ് സംഗീതത്തില്‍ എക്സ്പ്രഷണിസം പ്രയോഗിക്കപ്പെട്ടത്. സാഹിത്യത്തില്‍ വികാരവിചാരങ്ങളെ ഇടകലര്‍ത്തിയുള്ള ആത്മനിഷ്ഠ ആവിഷ്കാരമായിരുന്നു അത്. നാടകത്തിലാകട്ടെ ആത്മനിഷ്ഠതയുടെ ഉച്ചസ്ഥായി ആവിഷ്കൃതമായി. ലോകത്തെ എന്തിന് നാം ആവര്‍ത്തിക്കണം എന്നാണ് എക്സ്പ്രഷണിസ്റ് കലാകാരനമാര്‍ ചോദിച്ചത്. പുനഃസൃഷ്ടിയെ അവര്‍ എതിര്‍ത്തു. ദൃശ്യവസ്തുതകളെ അവഗണിച്ച് സാങ്കല്‍പികപരീക്ഷണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. മനുഷ്യവര്‍ഗ്ഗത്തിന്റെ മങ്ങൂഴം എന്നാണ് എക്സ്പ്രഷണിസത്തെ ജര്‍മ്മന്‍ കലാചിന്തകന്‍ 'കുര്‍ട്ട് പിന്‍തസ്' വിശേഷിപ്പിച്ചത്.

ഒന്നാം ലോകമഹായുദ്ധത്തോടെ ജര്‍മ്മന്‍ സാമൂഹ്യജീവിതം ജീര്‍ണതയിലേക്ക് വഴുതിവീണു. അതിന്റെ വിമര്‍ശനപരമായ തുറന്നുകാട്ടലായി എക്സ്പ്രഷണിസ്റ് കലകള്‍ മാറി. ചിത്രകലയുമായി പലതുകൊണ്ടും അടുത്ത ബന്ധമുണ്ട് എക്സ്പ്രഷന്റെ സിനിമയ്ക്ക്. 1919 ല്‍ പുറത്തിറങ്ങിയ ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗാരി ഇതിന് മികച്ച ഉദാഹരണമാണ്. യാഥാര്‍ത്ഥ പശ്ചാത്തലത്തിനുപകരം ക്യാന്‍വാസില്‍ പെയിന്റ് ചെയ്ത സെറ്റുകളാണിതില്‍ ഉപയോഗിച്ചത്. അമൂര്‍ത്തമായ ക്യൂബിസ്റ വാസ്തുശില്‍പങ്ങള്‍, രൂപരഹിതമായ കെട്ടിടങ്ങള്‍, സമ്മതിയില്ലാത്ത ജനവാതിലുകള്‍, വിചിത്ര രൂപത്തിലുള്ള ഫര്‍ണ്ണിച്ചറുകള്‍ തുടങ്ങിയവ ഒരുതരം അപരിചിത അന്തരീക്ഷം സൃഷ്ടിച്ചു. പെയിന്റുകൊണ്ടാണ് വെളിച്ചവും നിഴലുമൊക്കെ സൃഷ്ടിച്ചത്. സ്റേജ്മേക്കപ്പ് പോലെ മുഖത്ത് ചായം തേച്ച് കഥാപാത്രങ്ങളുടെ ചലനവുംഅഭിനയവുമൊക്കെ ശൈലീകൃതമായിരുന്നു. ആംഗ്യങ്ങള്‍ അതിശയോക്തിപരം. റോബര്‍ട്ട് വൈനെ സംവിധാനം ചെയ്തു ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്റിച്ച് പോമറാണ്. ഡോ കാലിഗാരിയും സീസറെ എന്ന നിക്രാടനക്കാരനുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. സീസറെയെ ഹിപ്നോട്ടൈസ് ചെയ്യുന്ന കാലിഗാരി അയാളെക്കൊണ്ട് നിരവധി പേരെ കൊല്ലിക്കുന്നു. ഒരു ചിത്തരോഗാശുപത്രിയിലെ അന്തേവാസിയടെ ആഖ്യാനമായിരുന്നു ഇത്രയുമെന്ന് ഒടുവിലാണ് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. മാനസികവിഭ്രാന്തി ബാധിച്ചവന്റെ വക്രീകൃത ആവിഷ്കാരമായാണ് ലോകം ഇതില്‍ കടന്നുവന്നത്. ക്രൂരനായ ഒരാള്‍വന്ന് ജനങ്ങളെ ഹിപ്പ്നോട്ടൈസ് ചെയ്ത് കൊന്നൊടുക്കുന്നതിന്റെ കഥപറയുന്ന ഈചിത്രത്തില്‍ നിന്ന് ഹിറ്റ്ലറുടെ വരവ് മുന്‍കൂട്ടി വായിച്ചെടുക്കാനാവുമെന്നാണ് സിഗ്ഫ്രൈഡ് കോക്കര്‍ പറയുന്നത്. സിനിമയിറങ്ങി വൈകാതെ നാസിസത്തിന്റെ കൈയില്‍ ജര്‍മനി പിടഞ്ഞു. എക്സ്പ്രഷണിസ്റ് കലാകാരന്‍മാര്‍ക്ക് ജര്‍മനിവിട്ട് ഹോളിവുഡില്‍ അഭയം തേടേണ്ടിവന്നു. സമൂഹത്തിന്റെ അബോധമനസ്സ് കലയിലൂടെ ആവിഷ്കൃതമാകുന്നതെങ്ങനെയെന്ന് കാലിഗാരിയിലൂടെ കലാലോകം തിരിച്ചറിഞ്ഞു. ചിത്രത്തിന്റെ സെറ്റ് നിര്‍മ്മിച്ചത് എക്സപ്രഷണിസ്റ് ചിത്രകാരന്മാരായ ഹെര്‍മന്‍വാമും വാള്‍ട്ടയര്‍ റോറിഗുംവാള്‍ട്ടയര്‍ റെയ്മാനും ചേര്‍ന്നാണ്.

ആദ്യ എക്സ്പ്രഷണിസ്റ് സിനിമയായി കണക്കാക്കുന്നത് സ്റൈലന്‍റൈയും പോള്‍വെഗ്നറും ചേര്‍ന്ന് സംവിധാനം ചെയ്ത പ്രേഗിലെ വിദ്യാര്‍ത്ഥിയാണ്. ഗൊയ്ഥെ, ക്രിസ്റഫര്‍ മാര്‍ലോഎന്നിവരുടെ വിഖ്യാതമായ ഫോസ്റ് മിതിന്റെ മറ്റൊരുതരത്തിലുള്ള ആവിഷ്കാരമാണിത്. തന്നെ പിന്‍തുടരുന്ന അപരനെക്കുറിച്ചുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ഭീതിയാണിതിന്റെ പ്രമേയം. കാള്‍ബോസും പോള്‍വെഗ്നറും സംവിധാനം ചെയ്ത 'ദ ഗോലം'  കാള്‍ ഹെയ്ന്‍സ് മാര്‍ട്ടിന്റെ 'ഫ്രം മോണ്‍ റ്റുമിഡ്നൈറ്റ് , റോബര്‍ട്ട് ബയ്നെയുടെ തന്നെ 'എ ടെയ്ല്‍ ഓഫ് എ വാംപയര്‍' നെസ്ഫെറാതു (1922), ഫാന്റം (1922) തുടങ്ങിയവയാണ് വിഖ്യാത എക്സ്പ്രഷണിസ്റ് ചിത്രങ്ങള്‍. ഫ്രിറ്റ്സ് ലാങ്ങ്, ബില്ലിവൈല്‍ഡര്‍, ഓട്ടോ പ്രെമിംഗര്‍, ഹിച്ച്കോക്ക്, ഓര്‍സണ്‍ വെല്ലസ് തുടങ്ങിയവര്‍ എക്സ്പ്രഷണിസ്റ് ശൈലിയെ ക്രൈം നാടകരൂപത്തില്‍ സിനിമയില്‍ കൊണ്ടുവന്നു. ഈ പ്രസ്ഥാനത്തിന്റെ സ്വാധീനത്തിലുണ്ടായവയാണ് ഹൊറര്‍, ഫിലിം നോയര്‍ ചിത്രങ്ങള്‍.

എക്സ്പ്രഷണിസത്തിന്റെ പൊതുസവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കാം. 1. നായകരല്ലാത്ത കഥാപാത്രങ്ങള്‍കേന്ദ്രത്തില്‍ വരുന്നു . 2. ഭ്രാന്ത്, മനോവിഭ്രാന്തി തുടങ്ങിയ പ്രമേയങ്ങള്‍ സ്വീകരിക്കുന്നു 3. ആത്മനിഷ്ഠമായ വീക്ഷണകോണ്‍ ഉപയോഗിക്കുന്നു. 4. നഗരംപശ്ചാത്തലമാകുന്നു. 5. ക്രിമിനല്‍ അധോലോകത്തെ ചിത്രീകരിക്കുന്നു.6. സങ്കീര്‍ണ്ണമായ വാസ്തുശില്പം പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്നു 7.വെളിച്ചത്തേക്കാള്‍ നിഴലിന് പ്രാധാന്യംലഭിക്കുന്നു.

ചെലവുകുറഞ്ഞ സിനിമാനിര്‍മ്മാണ രീതിക്ക് ഈ പ്രസ്ഥാനം ഊന്നല്‍കൊടുത്തു എന്ന കാര്യം എടുത്തുപറയാതെ വയ്യ. നവതരംഗം , രചയിതാ സിനിമ  , അണ്ടര്‍ഗ്രൌണ്ട് സിനിമ, ഡോഗ്മ - 95 തുടങ്ങി പില്‍ക്കാലത്തുണ്ടായ പരീക്ഷണചിത്രങ്ങളുടെയെല്ലാം ഒരു ലക്ഷ്യം മൂലധനത്തിന്റെ പിടിയില്‍ നിന്ന് മാറി സ്വതന്ത്രമായ കലാവിഷ്കാരമാധ്യമമാക്കി സിനിമയെ മാറ്റിയെടുക്കുക എന്നതായിരുന്നു.
Film
Key words: Film, malayalam, Robert, Hollywood, light

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

National Top News

ARCHIVED ARTICLES