ഐ.എസില്‍ ചേരാന്‍ പോയ മലയാളികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം
news

ഐ.എസില്‍ ചേരാന്‍ പോയ മലയാളികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം

By Web Desk | 12:26 PM April 20, 2017

അഫ്ഗാനിസ്ഥാന്‍ ഇത്തരത്തിലൊരു വിവരവും ഇന്ത്യക്ക് കൈമാറിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന മാധ്യമ വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍ ഇത്തരത്തിലൊരു വിവരവും ഇന്ത്യക്ക് കൈമാറിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാന്‍ നിയമനടപടി സ്വീകരിക്കുന്നതും പരിഗണനയിലുണ്ടെന്ന്  ഇന്ത്യ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങളിലേക്ക് നേരത്തെ അമേരിക്ക നടത്തിയ ബോംബിങില്‍ 13 ഇന്ത്യക്കാരും കൊലപ്പെട്ടുവെന്ന വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ പോയതായുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. ഈ ഇന്ത്യക്കാരില്‍ ചിലര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഔദ്യോഗികമായി ഇങ്ങനെ ഒരു സൂചനയും ഇല്ലെന്നാണ് വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ് ലേ പറഞ്ഞത്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിയെ കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് വിവരം ശേഖരിക്കുന്നുണ്ട് എന്നാണ് സൂചന. പാക്കിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാന്‍ സ്വീകരിക്കേണ്ട നിയമനടപടികളെ സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കാതില്‍ പാക് ഡെപ്യുട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ വീണ്ടും പ്രതിഷേധം അറിയിച്ചു.

Show Full Article
RECOMMENDED