തമിഴ്നാട് മുഖ്യമന്ത്രിയായി കെ പളനിസ്വാമി അധികാരമേറ്റു
news
By Web Desk | 05:22 PM Thursday, 16 February 2017

31 അംഗ മന്ത്രിസഭയും പളനിസ്വാമിക്കൊപ്പം അധികാരമേറ്റു. 

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ എടപ്പാടി കെ. പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം അഞ്ച് മണിക്ക് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 31 അംഗ മന്ത്രിസഭയും പളനിസ്വാമിക്കൊപ്പം അധികാരമേറ്റു. 

മുഖ്യമന്ത്രി ദൈവനാമത്തിന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എട്ട് മന്ത്രിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചൊല്ലി. ലളിതമായ ചടങ്ങാണ് രാജ്‍ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്നത്. നേരത്തെ ശശികലയുടെ സത്യപ്രതിജ്ഞക്കായി വലിയ ചടങ്ങാണ് ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നത്. ഇത് നടക്കാതായതോടെയാണ് ഇന്നത്തെ സത്യപ്രതിജ്ഞ ലളിതമാക്കാന്‍ എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചത്. 124 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എടപ്പാടി കെ പളനിസ്വാമി അവകാശപ്പെട്ടിരിക്കുന്നത്. ഇത് തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സാധ്യതയുണ്ട്. ഭൂരിപക്ഷം തെളിയിക്കാനായാല്‍ വരുന്ന നാലര വര്‍ഷക്കാലം പളനിസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാം.

Show Full Article
COMMENTS

Currently displaying comments and replies