പാകിസ്താനില്‍ വേട്ടയാടപ്പെട്ടെന്ന്  മുസ്സീം പുരോഹിതര്‍
news
By Web Desk | 03:45 PM March 20, 2017
  • പാകിസ്താന്‍ പത്രം നല്‍കിയ വാര്‍ത്ത തെറ്റിധാരണ പടര്‍ത്തി
  • റോ യുടെ ഏജന്റുകളെന്ന് പത്രം വാര്‍ത്ത നല്‍കി
  • പുരോഹിതര്‍ സുഷമ സ്വരാജുമായി കൂടിക്കാഴ്ച്ച നടത്തി

ദില്ലി: പാകിസ്താനില്‍ വേട്ടയാടപ്പെട്ടെന്ന് വെളിപ്പെടുത്തി സൂഫി പുരോഹിതര്‍. ഒരു പാക് പത്രം നല്‍കിയ തെറ്റായ വാര്‍ത്ത കാരണം പാകിസ്താന്‍ അധികൃതര്‍ തങ്ങളെ കസ്റ്റഡിയിലെടുത്തെന്നും സൂഫി പുരോഹിതന്‍ നസീം നിസാമി പറഞ്ഞു. ദില്ലിയില്‍ മടങ്ങിയെത്തിയ പുരോഹിതര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.

കറാച്ചിയില്‍ കാണാതായ ഇന്ത്യന്‍ പുരോഹിതര്‍ ഇന്ന് രാവിലെയാണ് ദില്ലിയില്‍ മടങ്ങിയെത്തിയത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഏജന്റുകളാണ് തങ്ങളെന്ന് ഒരു പാകിസ്താന്‍ പത്രം വാര്‍ത്ത നല്‍കിയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് പുരോഹിതര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് പാകിസ്താന്‍ അധികൃതര്‍ തങ്ങളെ കസ്റ്റഡിയിലെടുത്തെന്നും പുരോഹിതന്‍ നസീം നിസാമി അറിയിച്ചു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തി. തങ്ങളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്ക് പുരോഹിതര്‍ നന്ദിയറിയിച്ചു. പാകിസ്താന്‍ രഹസ്യാന്വേഷണഏജന്‍സിയായ ഐഎസ്‌ഐ പുരോഹിതരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പാക് സ്രോതസ്സുകളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇരുവരും കഴിഞ്ഞിരുന്ന സ്ഥലത്ത് മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക്കില്ലാത്തതിനാലാണ് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്തതെന്നാണ് പാകിസ്താന്‍ നല്‍കിയ വിശദീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച്ച നടത്തിയ പുരോഹിതര്‍ ധരിപ്പിച്ച വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പരിശോധിക്കും.

വിഷയം അതീവ ഗൗരവമായാണ് ഇന്ത്യ കാണുന്നത്. കഴിഞ്ഞ 14നാണ് ദഅത്ത ദര്‍ബാര്‍ ദര്‍ഗ സന്ദര്‍ശിക്കാനും, സഹോദരിയെ കാണാനുമായി പോയ നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സയ്യിദ് ആസിഫ്  അലി നിസാമിയേയും മരുമകന്‍ നസീം നിസാമിയേയും കറാച്ചിയില്‍ വച്ച് കാണാതായത്.
 

Show Full Article
RECOMMENDED