അഴിമതിക്കാരെല്ലാം സി.പി.എം തൊട്ടാല്‍ വിശുദ്ധരാകുമെന്ന് എം.എം ഹസന്‍
news

അഴിമതിക്കാരെല്ലാം സി.പി.എം തൊട്ടാല്‍ വിശുദ്ധരാകുമെന്ന് എം.എം ഹസന്‍

By Web Desk | 08:08 AM May 19, 2017

ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് പദവി നല്‍കിയതും കോട്ടയം ജില്ലാപഞ്ചായത്തില്‍ കെ.എം മാണിയുമായുള്ള കൂട്ടുകെട്ടും ഇതിന്റെ തെളിവാണെന്നും എം.എം ഹസ്സന്‍

തിരുവനന്തപുരം: അഴിമതിക്കാരെന്ന് മുദ്രകുത്തിയവരെ സി.പി.എം തൊട്ടാല്‍ അവര്‍ വിശുദ്ധരാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ആരോപിച്ചു. ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് പദവി നല്‍കിയതും കോട്ടയം ജില്ലാപഞ്ചായത്തില്‍ കെ.എം മാണിയുമായുള്ള കൂട്ടുകെട്ടും ഇതിന്റെ തെളിവാണെന്നും എം.എം ഹസ്സന്‍ പറഞ്ഞു. എന്നാല്‍ ആര്‍ ബാലകൃഷ്ണ പിള്ളയെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തുന്നകാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ആര്‍ ബാലകൃഷ്ണ പിള്ള, കെ.എം മാണി എന്നിവരുമായുള്ള  ബന്ധം ഉയര്‍ത്തിയാണ് സി.പി.എമ്മിന്റെ അഴിമതി വിരുദ്ധ നിലപാടിനെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. യുഡിഎഫിലായിരിക്കെ പിള്ളയെയും മാണിയെയും അഴിമതിക്കാരെന്ന് മുദ്രകുത്തി സി.പി.എം കടന്നാക്രമിച്ചു. എന്നിലിപ്പോള്‍ യു.ഡി.എഫ് വിട്ടപ്പോള്‍ പിള്ളക്ക് കാബിനറ്റ് പദവിയും മാണിയുമായി കോട്ടയത്ത് കൂട്ടുകൂടിയതും സി.പി.എമ്മിന്റെ അവസരവാദ നിലപാടാണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആക്ഷേപം.

ആര്‍ ബാലകൃഷ്ണ പിള്ളയുടെ മുന്നോക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി മുന്നണിയില്‍ ചര്‍ച്ച നടന്നുവെന്ന് വ്യക്തമാക്കിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്നാല്‍ പിള്ളയെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നാണ് പറഞ്ഞത്. ഇടതു മുന്നണിയുമായി സഹകരിക്കുന്ന ഐ.എന്‍.എല്‍ അടക്കമുള്ള പാര്‍ട്ടികളുണ്ടെങ്കിലും അവരെയൊന്നും ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തില്ലെന്നാണ് കാനം വ്യക്തമാക്കിയത്. ഈ മാസം 23നാണ് മുന്നോക്ക വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. വിവാദങ്ങള്‍ ശക്തമാകുമ്പോഴും പിള്ളയുടെ സ്ഥാനത്തില്‍ വി.എസ് മൗനത്തിലാണ്.

Show Full Article
RECOMMENDED