വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറി; മദര്‍ കോളെജ് പ്രിന്‍സിപ്പലിനെതിരെ കേസ്
news
By Web Desk | 05:58 AM February 17, 2017

കോളേജില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അമിത പിഴ ഈടാക്കുന്നെന്നും ആക്ഷേപം

വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ പെരുവല്ലൂരിലെ മദര്‍ കോളെജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. അബ്ദുള്‍ സലീമിനെതിരെ പാവറട്ടി പൊലീസ് കേസെടുത്തു. ക്യാമ്പസില്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരം തുടങ്ങി. കോളേജില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അമിത പിഴ ഈടാക്കുന്നെന്നും ആക്ഷേപം

പെരുവല്ലൂര്‍ മദര്‍ കോളെജില്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കാനുള്ള മാനെജ്മെന്റ് തീരുമാനമാണ് പ്രതിഷേധത്തിനിടയാക്കിയത്.  പിഴ 5000ല്‍ നിന്ന് 1000 ആക്കി കുറയ്‌ക്കാന്‍ പി.ടി.എ തീരുമാനിച്ചെങ്കിലും വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ശക്തമാക്കുമെന്ന നിലപാടെടുത്തു. ഇതിനിടെ കോളെജിലെ പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. അബ്ദുള്‍ സലീം അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി.

ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളോട് ഫോണുമായി ബന്ധമില്ലാത്ത പല കാര്യങ്ങളുമാണ് പ്രിന്‍സിപ്പല്‍ ചോദിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന സോപ്പ് ഏതാണെന്നും ഹോസ്റ്റലില്‍ ബ്ലേഡും ഗ്ലൗസും മെഴുക് തിരിയും മിക്ചറും എന്തിനാണ് ഉപയോഗിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ ചോദിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നാല് പെണ്‍കുട്ടികളെ പ്രിന്‍സിപ്പലിന് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ചെന്നും വിദ്യാര്‍ത്ഥനികള്‍ ആരോപിച്ചു. ഈ പരാതിയില്‍ പാവറട്ടി പൊലീസ് കേസെടുത്തു.

400 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ നൂറിലേറെ സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആര്‍ടിസ് ഫെസ്റ്റിനും മറ്റും പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ഗ്രീന്‍ റൂമില്‍ വരെ ക്യാമറ ഉണ്ടെന്നും ക്യാമറയിലെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. എന്നാല്‍ പുറത്തുനിന്ന് നിരവധി വിദ്യാര്‍ത്ഥിനികള്‍ വന്ന് പരീക്ഷയെഴുതുന്നതിനാല്‍ കെട്ടിടങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും മറ്റുള്ളവയെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണന്നുമാണ് വൈസ് പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടത്. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിനെ നീക്കം ചെയ്യും വരെ സമരം തുടരാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

 

Show Full Article
RECOMMENDED