കര്‍ശന നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തെ ബാധിക്കില്ല
news
By Web Desk | 05:10 PM Friday, 17 February 2017
  • തൃശ്ശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവാഘോഷങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ എ കൗശിഗന്‍
  • സുരക്ഷ ഉറപ്പാക്കിയും നിയമങ്ങള്‍ പാലിച്ചും മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ നടത്തുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി

തൃശൂര്‍: തൃശ്ശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവാഘോഷങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ എ കൗശിഗന്‍ അറിയിച്ചു. ആനയെഴുന്നള്ളിപ്പും  വെടിക്കെട്ടും സുരക്ഷ ഉറപ്പാക്കിയും നിയമങ്ങള്‍ പാലിച്ചും മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ നടത്തുമെന്ന് പൂരം സംഘാടകരുമായി നടത്തിയ ചര്‍ച്ചയില്‍ കളക്ടര്‍ ഉറപ്പ് നല്‍കി

കര്‍ശന നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ എ കൗശിഗന്‍ പൂരം സംഘാടകരുടെ യോഗം വിളിച്ചത്. ആചാരങ്ങളുടെ ഭാഗമായ ആഘോഷങ്ങള്‍ നിയമം പാലിച്ച് നടത്താനാണ് യോഗത്തില്‍ ധാരണയായത്. വെടിക്കെട്ടിന് അനുമതി നല്‍കും മുമ്പ് ലൈന്‍സ്, നിരോധിത രാസവസ്തുക്കളുടെ ഉപയോഗം, ഇന്‍ഷുറന്‍സ്, എന്നിവ പാലിച്ചോ എന്ന് ഉറപ്പുവരുത്തും. ആചാര വെടിക്കെട്ടുകള്‍ക്ക് സുപ്രീം കോടതി നല്‍കിയിരിക്കുന്ന ഇളവ് അംഗീകരിക്കും

വിവിധ വകുപ്പുകള്‍ പലസമയങ്ങളിലായി പുറത്തിറങ്ങുന്ന സര്‍ക്കുലറുകള്‍ ആനയെഴുന്നള്ളിപ്പിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന്  കോര്‍ഡിനേഷന്‍ കമ്മറ്റി ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ആചാരങ്ങളുടെ ഭാഗമായി പകല്‍ സമയത്തുള്ള ആന എഴുന്നള്ളിപ്പില്‍ നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് നല്‍കും. ഉത്സവാഘോഷങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നലവിലുള്ള ആശങ്കകള്‍ ഒഴിഞ്ഞെന്നാണ് വിവിധ ഉത്സവ കമ്മറ്റി സംഘാടകരുടെ പ്രതികരണം

Show Full Article
COMMENTS

Currently displaying comments and replies