സ്വാശ്രയ കോളേജുകളെ സംബന്ധിച്ച പരാതി കേള്‍ക്കാന്‍ ഓംബുഡ്സ്മാന്‍
news
By Web Desk | 04:21 PM Wednesday, 11 January 2017

ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയായിരിക്കും ഈ പദവിയില്‍ നിയമിക്കുന്നത്. 

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളെ സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കാന്‍ സാങ്കേതിക സര്‍വ്വകലാശാല തീരുമാനിച്ചു. കോളേജുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പരാതി കേള്‍ക്കാനാണ് ഓംബുഡ്സ്മാനെ നിയോഗിക്കുന്നത്. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയായിരിക്കും ഈ പദവിയില്‍ നിയമിക്കുന്നത്. 

പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതരുടെ പങ്കിനെപ്പറ്റി ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 155 എഞ്ചിനീയറിങ് കോളേജുകളിലും സര്‍വ്വകലാശാല നിയോഗിക്കുന്ന വിദഗ്ധ സംഘം ഉടന്‍ പരിശോധന നടത്തും. ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കോളേജുകളുടെ അഫിലിയേഷന്‍ ഇനി സര്‍വ്വകലാശാല പുതുക്കി നല്‍കുകയുള്ളൂ. സാങ്കേതിക സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം നെഹ്‍റു കോളേജ് സന്ദര്‍ശിച്ചിരുന്നു. ഓംബുഡ്സാമാനെ നിയോഗിക്കാനുള്ള സര്‍വ്വകലാശാലയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രതികരിച്ചു.

Show Full Article