പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോസ്​റ്റർ
news
By Web Desk | 04:57 PM March 20, 2017

* പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം

* പോസ്​റ്റർ കോണ്‍ഗ്രസ് ആസ്ഥാനത്ത്

ന്യൂഡൽഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്​ ലഖ്​നോവിലെ കോ​ൺഗ്രസ്​ പാർട്ടി ഓഫീസിൽ പോസ്​റ്റർ.

കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇതു മാറ്റാൻ അദ്ദേഹം നിർദേശിച്ചു. പാർട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ്​ സംഭവത്തിനു പിന്നിലെന്നാണ്​ റിപ്പോർട്ട്​. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ വിഡ്ഢികളെപ്പോലെ പണിയെടുത്തു. പ്രശാന്ത് പറയുന്നത്​ എതിർപ്പൊന്നും കൂടാതെ ചെയ്തു. പാർട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തി​ന്‍റെ നിർദേശങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ഞങ്ങള്‍ക്ക് മറുപടിയാണു വേണ്ടതെന്നു രാജേഷ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ചത് പ്രശാന്തായിരുന്നു. പിന്നാലെ ബിഹാറിൽ നിതീഷ് കുമാറി​ന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കി. തകർപ്പൻ വിജയത്തോടെ മഹാസഖ്യം ഇവിടെ അധികാരം പിടിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സഹായമഭ്യർഥിച്ച് കോൺഗ്രസ് പ്രശാന്തിനെ സമീപിച്ചത്.

Show Full Article
RECOMMENDED