ഗൂഗിളില്‍ ജോലി തേടി കത്തയച്ച ഏഴു വയസുകാരിക്ക് സി.ഇ.ഒ നല്‍കിയ മറുപടി
technology
By Web Desk | 07:14 PM Thursday, 16 February 2017

മറുപടി പ്രതീക്ഷിച്ചൊന്നുമല്ല കത്തയച്ചതെങ്കിലും ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയുടെ മറുപടി കൈയ്യില്‍ കിട്ടിയപ്പോള്‍ ക്ലെയോയും കുടുംബവും ഞെട്ടി.

പലരുടെയും സ്വപ്നമാണ് ഗൂഗിള്‍ പോലൊരും കമ്പനിയിലെ ജോലി. ഗൂഗിളില്‍ ജോലി ചെയ്യണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ തന്നെ ഏഴു വയസുകാരെ ക്ലെയോ മറ്റൊന്നും ആലോചിച്ചില്ല. തനിക്ക് അവിടെയൊരു ജോലി വേണമെന്ന് പറഞ്ഞ് നേരെ മുതലാളിക്ക് ഒരു കത്ത് അങ്ങ് എഴുതി. തനിക്ക് കംപ്യൂട്ടറും റോബോട്ടുകളുമൊക്കെ ഇഷ്ടമാണ്. അച്ഛന്‍ ഒരു ടാബ് വാങ്ങിത്തന്നിട്ടുണ്ട്. അതില്‍ ഗെയിം കളിക്കാന്‍ അറിയാം. കംപ്യൂട്ടര്‍ വാങ്ങി തരാമെന്ന് അച്ഛന്‍ സമ്മതിച്ചിട്ടുമുണ്ട്. ഗൂഗിളില്‍ ഒരു ജോലി തരണം.

ഡിയര്‍ ഗൂഗ്ള്‍ ബോസ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ഗൂഗിളില്‍ ജോലി ചെയ്യുന്നതിനൊപ്പം ഒരു ചോക്ലേറ്റ് ഫാക്ടറിയില്‍ കൂടി ജോലി ചെയ്യണമെന്ന് തനിക്ക് ആഗ്രമുണ്ട്. ഒളിമ്പിക്സിലെ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കണമെന്നതാണ് മറ്റൊരു ആഗ്രഹം. ഇതിനായി ആഴ്ചയില്‍ രണ്ട് ദിവസം നീന്തല്‍ പരിശീലനത്തിന് പോകുന്നുമുണ്ട്. ഗൂഗിളിലെ കാര്യങ്ങളൊക്കെ അച്ഛന്‍ പറഞ്ഞ് കേട്ടപ്പോള്‍ അവിടെ ജോലി ചെയ്യണമെന്ന് ആഗ്രഹം തോന്നി. അച്ഛനാണ് സി.ഇ.ഒക്ക് അപേക്ഷ അയക്കാന്‍ പറഞ്ഞത്. ക്ലാസില്‍ താന്‍ മിടുക്കിയാണെന്നും ക്ലെയോ കത്തില്‍ പറയുന്നുണ്ട്. അനിയത്തിയും മിടുക്കിയാണെങ്കിലും അവള്‍ക്ക് താത്പര്യമുള്ള മേഖല വേറെയാണ്.

മറുപടി പ്രതീക്ഷിച്ചൊന്നുമല്ല കത്തയച്ചതെങ്കിലും ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയുടെ മറുപടി കൈയ്യില്‍ കിട്ടിയപ്പോള്‍ ക്ലെയോയും കുടുംബവും ഞെട്ടി. നന്നായി പഠിച്ച് മിടുക്കിയാവാനായിരുന്നു പിച്ചെയുടെ ഉപദേശം. കഠിനാധ്വാനം ചെയ്താല്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നത് മുതല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് വരെയുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാവുമെന്നും പറയുന്ന സുന്ദര്‍ പിച്ചെ, സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ക്ലെയോയുടെ ജോലി അപേക്ഷ വീണ്ടും തനിക്ക് ലഭിക്കുന്നത് കാത്തിരിക്കുകയാണെന്നും കത്തില്‍ എഴുതി.  

എന്തായാലും ഏഴു വയസുകാരിയുടെ കത്തും അതിന് ഗൂഗ്ള്‍ മേധാവിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Show Full Article
COMMENTS

Currently displaying comments and replies